മാനന്തവാടി: സമുദായം മാറി മകളെ വിവാഹം ചെയ്തയച്ചതിനെ തുടർന്ന് ഭ്രഷ്ട് കൽപ്പിക്കപ്പെട്ട കുടുംബത്തെ മരണാനന്ത് കർമ്മങ്ങൾ നടത്തുന്നതിൽ നിന്ന് തടസ്സപ്പെടുത്തിയതായി പരാതി. യാദവ സമുദായ അംഗങ്ങളായ എരുമത്തെരുവ് എം പി ഗോവിന്ദരാജ്, മകൾ എം ജി സുകന്യ എന്നിവരാണ് വാർത്താ സമ്മേളനത്തിൽ ഭ്രഷ്ടിനെ കുറിച്ച് ആരോപണമുന്നയിച്ചത്. ഗോവിന്ദരാജിന്റെ അമ്മയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ ചൊവ്വാഴ്ചയായിരുന്നു നടത്തേണ്ടിയിരുന്നത്. ഇതിനായി ശ്മശാനത്തിന്റെ താക്കോലിനായി കാഞ്ചികാമാക്ഷിയമ്മൻ ക്ഷേത്ര ഭാരവാഹികളുമായി ബന്ധപ്പെട്ടപ്പോൾ അവർ മൊബൈൽ ഫോൺ അറ്റന്റ് ചെയ്തില്ലെന്നും ഇത് സംബന്ധിച്ച് മാനന്തവാടി തഹസിൽദാരെയും സബ്കളക്ടറെയും സമീപിച്ചെങ്കിലും രണ്ട് പേരും സ്ഥലത്തില്ലാത്തിനാൽ കർമ്മങ്ങൾ ചെയ്യാൻ സാധിച്ചില്ലെന്നും ഗോവിന്ദരാജ് പറയുന്നു.

യാദവസമുദായംഗങ്ങൾക്കായുള്ള ശ്മശാന ഭൂമിക്ക് രണ്ട് വർഷം മുമ്പാണ് ക്ഷേത്രക്കമ്മറ്റി സെക്രട്ടറിയുടെ പേരിൽ നികുതി സ്വീകരിക്കാനാരംഭിച്ചത്. സമുദായത്തിൽ നിന്ന് ഭ്രഷ്ട് കൽപ്പിക്കുന്നവരെ മാറ്റിനിർത്താൻ വേണ്ടിയാണിതെന്നും ഇത് പിൻവലിക്കണമെന്നും അന്ന് തന്നെ വില്ലേജ് ഓഫീസറോടും തഹസിൽദാരോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമുദായംഗങ്ങൾക്ക് എല്ലാകാലത്തും ശ്മശാനം ഉപയോഗിക്കാമെന്ന ഉറപ്പായിരുന്നു അധികൃതർ നൽകിയത്.

അത് പാലിക്കാഞ്ഞതിനാൽ മരണാനന്തരചടങ്ങുകൾ തടസ്സപ്പെട്ടതായും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അവർ അറിയിച്ചു.

മാനന്തവാടി വില്ലേജിലെ മറ്റ് ശ്മശാനങ്ങൾക്കൊന്നും നികുതി സ്വീകരിക്കാത്ത സാഹചര്യത്തിൽ ഈ ഭൂമിക്ക് മാത്രം നികുതി സ്വീകരിച്ചവർക്കെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.