അമ്പലവയൽ: കാർഷിക സർവകലാശാലയുടെ കീഴിലുള്ള അമ്പലവയലിലെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ആറാമത് പൂപ്പൊലി അന്താരാഷ്ട്ര പുഷ്‌പോത്സവത്തിനു പുതുവർഷത്തിൽ പ്രൗഡഗംഭീരമായ തുടക്കം. കഴിഞ്ഞ വർഷം പ്രളയക്കെടുതിയിൽ മുടക്കം വന്ന പുഷ്‌പോൽസവമാണ് ഈ വർഷം പുതിയ പകിട്ടോടെ തുടങ്ങിയത്.

കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ ചന്ദ്ര ബാബു പൂപ്പൊലി ഉദ്ഘാടനം ചെയ്തു. വാണിജ്യ പുഷ്പകൃഷിയുടെ നവീന സാധ്യതകളും, നാടൻ ഫലവർഗ്ഗ വിളകളുടെ മൂല്യവർധന സാധ്യതകളും വയനാടൻ കാർഷിക മേഖലയ്ക്കു പരിചയപ്പെടുത്തിയ പൂപ്പൊലി നാടിന്റെ ഉത്സവമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ അദ്ധ്യക്ഷത വഹിച്ചു. കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടർ ഡോ ജിജു അലക്സ് സ്വാഗതം പറഞ്ഞു. സർവകലാശാല ഗവേഷണ വിഭാഗം ഡയറക്ടർ ഡോ പി ഇന്ദിരാദേവി ഈ വർഷത്തെ പൂപ്പൊലിയുടെ സവിശേഷതകൾ വിശദീകരിച്ചു. ആർ എ ആർ എസ് മേധാവി ഡോ അജിത്കുമാർ നന്ദി പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടി, ജനപ്രതിനിധികളും, സർവകലാശാല ഭരണ സമിതി അംഗങ്ങളും സംബന്ധിച്ചു.
കാർഷിക സെമിനാറുകളും, വൈവിധ്യമാർന്ന മത്സരങ്ങളും, നാടൻ ഭക്ഷണശാലകളും, സായാഹ്ന കലാസന്ധ്യകളും ഇത്തവണയും ഒരുക്കിയിട്ടുണ്ട്. ഒഴുകുന്ന പുഷ്‌പോദ്യാനം, റോക്ക് ഗാർഡൻ മഴ ഉദ്യാനം എന്നിവയ്ക്ക് പുറമെ മനോഹരമായ ഡാലിയ പുഷപങ്ങൾ, ഗ്ലാഡിയോളസ്, ആസ്റ്റർ, മാരിഗോൾഡ് എന്നിവയും പുഷ്‌പോത്സവത്തിനു മാറ്റ് കൂട്ടുന്നു.