കൽപ്പറ്റ: കേരള കാർഷിക സർവ്വകലാശാലയും സംസ്ഥാന കൃഷി വകുപ്പും സംയുക്തമായി അമ്പലവയലിൽ നടത്തുന്ന പൂപ്പൊലി അന്താരാഷ്ട്ര പുഷ്‌പോത്സവത്തിൽ വയനാട്ടിലെ കാർഷികോൽപ്പാദക കമ്പനികൾക്ക് അവഗണനയെന്ന് ആരോപണം. കാർഷിക ഉല്പന്നങ്ങളിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്ന പതിനഞ്ചിലധികം ഉല്പാദക കമ്പനികൾ വയനാട്ടിൽ നബാർഡിന്റെ പിന്തുണയോടു കൂടി പ്രവർത്തിക്കുന്നുണ്ട്. അയ്യായിരത്തിലധികം കർഷകർ ഉൾപ്പെടുന്ന ഇത്തരം കമ്പനികൾക്ക് പ്രദർശന സ്റ്റാൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സൗജന്യമായി സ്റ്റാൾ അനുവദിക്കാൻ സർവ്വകലാശാലാധികൃതർ തയ്യാറായില്ല. 200 ലധികം സ്റ്റാളുകൾ നിർമ്മിച്ച് വിൽപ്പന നടത്തി ആ സ്റ്റാളുകളിലേക്ക് പ്രവേശനത്തിന് 30 രൂപ പ്രവേശന പാസ് ഈടാക്കുകയാണ് ചെയ്തത്. 15,000 രൂപയും ജി.എസ്.ടി.യുമാണ് ഇങ്ങനെ കാർഷികോൽപ്പാദക കമ്പനികളിൽ നിന്ന് ഈടാക്കിയത്.
കർഷകരോടുള്ള അവഗണനയിൽ ജില്ല എഫ്.പി.ഒ. ഫെഡറേഷൻ പ്രതിഷേധിച്ചു. ഉല്പാദക കമ്പനികളെയും കർഷകരെയും ശാക്തീകരിക്കുന്നതിന് പകരം ദുർബലപ്പെടുത്തുന്ന നിലപാടാണ് കാർഷിക സർവ്വകലാശാല നടത്തുന്നതെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. എഫ്.പി.ഒ ഫെഡറേഷൻ ചെയർമാൻ സാബു പാലാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സി.വി.ഷിബു, ജോസ് സെബാസ്റ്റ്യൻ, കൃഷ്ണദാസ് തുടങ്ങിയവർ പ്രസംഗിച്ചു.