കോഴിക്കോട്: തളി ബ്രാഹ്മണ സമൂഹ മഠത്തിൽ ശാസ്താപ്രീതി മഹോത്സവത്തിന് നാളെ മഹാരുദ്രയജ്ഞത്തോടെ തുടക്കമാവും. ദക്ഷിണേന്ത്യയിലെ വൈദികശ്രേഷ്ഠന്മാർ യജ്ഞത്തിന് കാർമ്മികത്വം വഹിക്കും. 12 വരെ നീളുന്ന മഹോത്സവത്തിൽ വിവിധ പൂജാദികർമ്മങ്ങളുണ്ടാവും. മഹാരുദ്രയജ്ഞം 5നാണ് സമാപിക്കുക.

6ന് മൃത്യുഞ്ജയഹോമം, 7ന് ഐക്യമത്യസൂക്ത ഹോമം, 8ന് വെങ്കിടാചലപതി പൂജ, പാനക പൂജ, സത്യനാരായണ പൂജ, 9ന് സുദർശന ഹോമം, 10ന് വേദപാരായണം എന്നിവ നടക്കും.

ദിവസവും വൈകിട്ട് 6.30ന് സാംസ്കാരിക പരിപാടിയുണ്ടാവും. 4ന് മാസ്റ്റർ ഭരദ്വാജ് സുബ്രഹ്മണ്യത്തിന്റെ സംഗീത കച്ചേരി, 5ന് ഡോ.പി.പദ്മേഷിന്റെ പുല്ലാങ്കുഴൽ കച്ചേരി, 6ന് ടാഗോർ ബാലഗോകുലത്തിന്റെ ശരണമയ്യപ്പ ഭജന, 7ന് പുഷ്പ രാമകൃഷ്ണൻ ആൻഡ് പാർട്ടിയുടെ ഭക്തിഗാനസുധ, 8ന് തളി ദിവ്യനാമഭജന സംഘത്തിന്റെ ഭജന, 9ന് എസ്.എച്ച്.ഭാഗ്യലക്ഷ്മി ആൻഡ് പാർട്ടിയുടെ തിരുപുകഴ്, 10ന് കാലിക്കറ്റ് യംഗ് ബ്രാഹ്മിൻസ് അസോസിയേഷൻ ശ്ലോക ക്ലാസ്സ് വിദ്യാർത്ഥികളുടെ സന്ധ്യാദീപം എന്നിവ അരങ്ങേറും. 11ന് ആണ് ശാസ്താപ്രീതി. രാവിലെ മഹാഗണപതി ഹോമത്തോടെ ആരംഭിക്കുന്ന കർമ്മങ്ങളിൽ മഹന്യാസപുർവ്വം രുദ്രാഭിഷേകം, വേദപാരായണ സമാപ്തി, തൈത്തരീയ ഉപനിഷദ് പാരായണം, ക്രമാർച്ചന, ഭജന, ശാസ്താസദ്യ എന്നിവ നടക്കും. വൈകുന്നേരം ആലപ്പുഴ മുരളി ഭാഗവതർ, സുരേഷ് ഭാഗവതർ ആൻഡ് പാർട്ടിയുടെ വഞ്ചിപ്പാട്ട്, വായ്പാട്ട്, സമ്പ്രദായ ഭജന, ദിവ്യനാമം എന്നിവ നടക്കും. 12ന് ഇടപ്പള്ളി ഗായത്രി ഭജന മണ്ഡലിയുടെ ഉഞ്ചവൃത്തി ഭജനയുണ്ടാവും. വൈകിട്ട് ഇടപ്പള്ളി ഗായത്രി ഭജന മണ്ഡലിയുടെ ശാസ്താംപാട്ടോടെയാണ് ഉത്സവം സമാപിക്കുക.