* ഹോട്ടലിന് വേണ്ടി ഫുട്പാത്ത് നവീകരിച്ചില്ല
* ഉടൻ നവീകരിക്കുമെന്ന് മേയർ
കോഴിക്കോട്: ഫുട്പാത്തുണ്ട്! പക്ഷേ കാൽനടയാത്രക്കാർക്ക് നടക്കണെമെങ്കിൽ റോഡിലിറങ്ങിയേ പറ്റൂ. കോഴിക്കോട് മാവൂർ റോഡ് കെ എസ് ആർ ടി സി ബസ്റ്റാൻറിന് സമീപത്തെ അവസ്ഥയാണിത്. മാവൂർ റോഡ് ഫുട്പാത്ത് നവീകരണം നടക്കുന്നുണ്ടെങ്കിലും കെ എസ് ആർ ടി സി ബസ്റ്റാൻഡിന് സമീപത്തുള്ള ഹോട്ടലിന് മുന്നിൽ പാർക്കിംഗിന് സൗകര്യമൊരുക്കി നവീകരണം നടത്താത്തതിന് പിന്നിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ജനങ്ങളുടെ ആരോപണം. പദ്ധതി പ്രകാരമുള്ള പ്ലാനിൽ നിന്ന് വ്യത്യസ്തമായാണ് ഫുട്പാത്ത് നവീകരിച്ചത്.
മാവൂർറോഡ് ജംഗ്ഷൻ മുതലാണ് ഫുട്പാത്തിൻെറ നവീകണം നടക്കുന്നത്. പഴയ കോൺക്രീറ്റ് സ്ലാബുകൾ പൂർണമായും പൊളിച്ചു മാറ്റി അഴുക്ക് ചാലിന് മുകളിൽ കോൺക്രീറ്റ് സ്ലാബുകളിട്ട് അതിനു മുകളിൽ ഇൻറർലോക്ക് പതിച്ചാണ് നവീകരിച്ചത്. റോഡിനേക്കാൾ ഒന്നരയടിയോളം ഉയർത്തിയാണ് പുതിയ ഫുട്പാത്തിൻെറ നിർമ്മാണം. ഇപ്രകാരം ഫുട്പാത്ത് ഉയർത്തിയതിനാൽ റോഡരികിലെ കടകളിലേക്ക് വാഹനങ്ങൾ കയറാത്ത അവസ്ഥയുണ്ടായിരുന്നു. ഇതേ തുടർന്ന് കടകളിലേക്കും ആശുപത്രിയുൾപ്പെടെയുള്ള മറ്റു സ്ഥാപനങ്ങളിലേക്കും വാഹനങ്ങൾ കടക്കുന്ന ഭാഗത്ത് ഫുട്പാത്തിൻെറ ഉയരം കുറച്ചിട്ടുണ്ട്. റോഡിനേക്കാൾ അല്പം ഉയർന്നിട്ടാണെങ്കിലും ഇതുവഴി വാഹനങ്ങൾക്ക് കയറി പോവാം. അതേസമയം ഫുട്പാത്തിൽ വാഹനം പാർക്ക് ചെയ്യാൻ പറ്റാത്ത വിധത്തിൽ ഒരു വാഹനത്തിന് കയറിപോവാൻ പറ്റും വിധത്തിലാണ് സൗകര്യമൊരുക്കിയത്. ഇത് കാൽനടയാത്രക്കാർക്കും ഏറെ സൗകര്യപ്രദമായിരുന്നു.
എന്നാൽ കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപത്തുള്ള ഹോട്ടലിന് മുന്നിൽ ഇപ്രകാരം ഫുട്പാത്ത് നവീകരിച്ചിട്ടില്ല. റോഡിൻെറ അതേ ഉയരത്തിൽ തന്നെയുള്ള പഴയ ഫുട്പാത്താണ് ഇവിടെയുള്ളത്. കെ എസ് ആർ ടി സി സ്റ്റാൻഡിലേക്ക് കടക്കുന്ന ഭാഗത്തും ഇതുതന്നെ അവസ്ഥ. സ്റ്റാൻഡിലേക്കു കൂടുതൽ ബസുകൾ കയറാനുള്ളതിനാലാണ് ഇൻറർലോക്ക് വിരിച്ച് പരിമിതമായ വഴി ഒരുക്കാതിരുന്നതെങ്കിൽ ഹോട്ടലിന് മുന്നിൽ സൗകര്യമൊരുക്കിയത് അനധികൃതമായ പാർക്കിംഗിന് വേണ്ടിയാണെന്നാണ് ഉയരുന്ന ആരോപണം.
ഹോട്ടലിന് മുന്നിൽ ഫുട്പാത്തിലേക്ക് കയറ്റിയാണ് വാഹനങ്ങൾ നിരനിരയായി പാർക്ക് ചെയ്യുന്നത്. ഇത് കാരണം കാൽനടയാത്രക്കാർക്ക് റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണ്. തിരക്കേറിയ ഭാഗത്ത് ആളുകൾ റോഡിലിറങ്ങി നടക്കുന്നത് അപകട ഭീഷണി ഉയർത്തുന്നുണ്ട്. ഹോട്ടലിനു മുന്നിൽ ഉച്ചയ്ക്കും രാത്രിയും നിരവധി വാഹനങ്ങൾ നിറുത്തിയിടുന്നതിനാൽ കെ എസ് ആർ ടി സി സ്റ്റാൻറിലേക്ക് ബസുകൾ കയറ്റുന്നതിനും തടസമുണ്ട്.
''ഹോട്ടലിനു മുന്നിൽ ടൈൽ പതിച്ച് നവീകരിക്കുന്നതിനെതിരെ ഉടമ കേസ് നൽകിയിരിക്കയാണ്. വൈകാതെതന്നെ മുഴുവൻ ഫുട്പാത്തും ഉയരംകൂട്ടി നവീകരിക്കും" -മേയർ തോട്ടത്തിൽ രവീന്ദ്രൻ.
''ഫുട്പാത്ത് കൈയേറിയുള്ള വാഹനപാർക്കിങ്ങിനെതിരെ ഇന്നുമുതൽ കർശന നടപടി സ്വീകരിക്കും"-ട്രാഫിക് അസി.കമ്മീഷണർ പി.കെ.രാജു.