മാനന്തവാടി: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി നഗരസഭ ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മഹാറാലി നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭരണഘടനയെ സംരക്ഷിക്കുക പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക മതത്തിന്റെ പേരിൽ രാജ്യത്തെ വെട്ടി മുറിക്കരുത് എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ടാണ് റാലി നടത്തുന്നത്.
ഇന്ന് വൈകുന്നേരം നാലുമണിക്ക് സെന്റ് ജോസഫ് ടി ടി ഐ പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി മാനന്തവാടി പട്ടണം ചുറ്റി ഗാന്ധിപാർക്കിൽ സമാപിക്കും. തുടർന്ന് നടക്കുന്ന ഭരണഘടന സംരക്ഷണ സദസ് കണ്ണൂർ സർവ്വകലാശാലാ എക്സാം കൺട്രോളർ ഡോ: പി.ജെ വിൻസെന്റ് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ വി.ആർ പ്രവീജ് അദ്ധ്യക്ഷനാകും.
നഗരസഭയിലെ കുടുംബശ്രീ അംഗങ്ങൾ, യുവജന കൂട്ടായ്മകൾ, വ്യാപാരി വ്യവസായികൾ തുടങ്ങിയവർ പങ്കെടുക്കും
വാർത്താസമ്മേളനത്തിൽ പി.ടി ബിജു, കടവത്ത് മുഹമ്മദ്, പി.വി ജോർജ്, ജേക്കബ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു