മാനന്തവാടി: തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് അംഗം ബാങ്ക് മാനേജരുടെ സഹായത്തോടെ പണം തട്ടിയെടുത്തതായി പരാതി. തന്റെ പേരിൽ 5,85,000 രൂപ തട്ടിയതായി പഞ്ചായത്ത് മെമ്പർ അനീഷും അമ്മ ഞാറലോട് കോളനിയിലെ ആലക്കണ്ടി വീട്ടിൽ കമല കുഞ്ഞിരാമനും വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
അനീഷിന് സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ കോറോത്തെ ജ്വല്ലറിയിൽ നിന്ന് പഞ്ചായത്ത് വനിതാ അംഗത്തിന്റെ സഹായത്തോടെ സ്വർണ്ണം വായ്പയായി എടുത്തിരുന്നു. ഈ തുക കൃത്യമായി തിരിച്ച് നൽകാൻ കഴിയാത്തതുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. ഇതിനിടെ വനിതാ അംഗം കമലയെ സമീപിച്ച് മകൻ ചെക്ക് കേസിൽ പെടാതിരിക്കാനായി അടിയന്തിരമായി 65,000 രൂപവേണമെന്നും ഈ തുകയ്ക്ക് ബാങ്കിൽ നിന്ന് വായ്പ ശരിയാക്കി നൽകാമെന്നും അറിയിച്ചു. അത് പ്രകാരം ബാങ്കിൽ പോയി വായ്പ ശരിയാക്കുകയും ഈ തുക നൽകാനായി വിവിധ പേപ്പറുകളിൽ ഒപ്പിട്ടു നൽകുകയും ചെയ്തു. 2018 ഒക്ടോബറിലായിരുന്നു ഇത്. ഏതാനും ദിവസങ്ങൾക്കകം ബാങ്കിൽ അന്വേഷിച്ചപ്പോൾ 5,85,000 രൂപയാണ് വനിതാ മെമ്പർ വായ്പയെടുത്തതെന്നും ഈ തുക മുഴുവൻ അവരുടെ അക്കൗണ്ടിലേക്ക് മാറ്റിയതായും ബോധ്യമായി. ഈ തട്ടിപ്പിനെ കുറിച്ച് മാനന്തവാടി എസ്എംഎസ് ഡി വൈ.എസ്.പി ക്ക് പരാതി നൽകിയതായും കമല അറിയിച്ചു.