ഇയ്യാട്: ഒരു പക്ഷേ ദേവദത്തിന്റെ മുഖത്ത് ഇത്രയേറെ സന്തോഷം സഹപാഠികളും അദ്ധ്യാപകരും രക്ഷിതാക്കളും കണ്ടിട്ടുണ്ടാവില്ല. അത്രയ്ക്കായിരുന്നു സന്തോഷം.
ഇയ്യാട് സി.സി.യു.പി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായ അവന്റെ വീട്ടിൽ വെച്ചായിരുന്നു സഹപാഠികൾ ഇത്തവണ പുതുവത്സരാഘോഷം നടത്തിയത്. സ്കൂളിൽ വരാൻ പറ്റാത്ത പരിമിതികളുള്ള ദേവദത്തിന് സമ്മാനങ്ങളുമായാണ് അവരെത്തിയത്. മാത്രമല്ല പാടിയും കേക്കുമുറിച്ചും ആഘോഷം കെങ്കേമമാക്കി. പ്രിയപ്പെട്ട അദ്ധ്യാപകരുടെ സാന്നിധ്യവും സന്തോഷത്തിന് ഇരട്ടി മധുരം പകർന്നു.
മകന്റെ മുഖത്ത് പതിവിൽ കവിഞ്ഞ സന്തോഷം കണ്ടപ്പോൾ രക്ഷിതാക്കളായ നാറാങ്ങലത്ത് ജയപ്രകാശിന്റെയും സുനന്ദയുടേയും കണ്ണുകളിൽ സന്തോഷക്കണ്ണീർ.വിദ്യാർത്ഥികളോടൊപ്പം പ്രധാന അദ്ധ്യാപകൻ എ.ഇ.രാധാകൃഷ്ണൻ, സീനിയർ അദ്ധ്യാപകരായ സത്യൻ, ലളിത, ക്ലാസ്സ് അദ്ധ്യാപകൻ ശ്രീഹരി, സ്പെഷ്യലിസ്റ്റ് അദ്ധ്യാപികമാരായ ഗീത, ഷൈനി എന്നിവരുമുണ്ടായിരുന്നു.