ചേമഞ്ചേരി: നവീകരിച്ച ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ എത്തുന്നവർക്ക് ഇനി ഇരുന്നു മുഷിയേണ്ടതില്ല. കാത്തിരിപ്പിനിടയിൽ പഞ്ചായത്ത് വക ചായ കുടിക്കാം. ഒപ്പം പലഹാരവും. ഡിസംബർ ഒന്നിന് തുടങ്ങിവെച്ച ഈ സൽക്കാരം പുത്തൻ മാതൃകയായിക്കഴി‌ഞ്ഞു.

ചായ താത്പര്യമില്ലാത്തവർക്ക് കാപ്പിയാവാം. ഇത് രണ്ടും വേണ്ടാത്തവർക്ക് ചൂടുവെള്ളമോ തണുപ്പിച്ച വെള്ളമോ കുടിക്കാം. ബിസ്‌കറ്റ്, കേയ്ക്ക്, ഉണ്ണിയപ്പം ഇവയിൽ ഏതെങ്കിലുമൊന്ന് ഒപ്പമുണ്ടാവും. ഇതിനുള്ള ചെലവിന് പഞ്ചായത്ത് ഫണ്ടൊന്നും ഇല്ലെന്നിരിക്കെ മെംബർമാരും ജീവനക്കാരും സ്വന്തം കൈയിൽ നിന്ന് തുക നീക്കിവെക്കുകയാണ്.

പഞ്ചായത്തിലെ സൽക്കാരത്തിന്റെ വിവരമറിഞ്ഞതോടെ ചായ - കാപ്പി വെൻഡിംഗ് മെഷീൻ തിരുവങ്ങൂരിലെ കേരള ഫീഡ്‌സ് കമ്പനി സ്‌പോൺസർ ചെയ്യുകയായിരുന്നു. കമ്പനിയുടെ അസി. പ്രൊഡക്‌ഷൻ മാനേജർ സുജിത്ത്, യൂനിറ്റ് ഹെഡ് ബിജു ആനന്ദ് എന്നിവരിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ടും സെക്രട്ടറി ജയരാജും മെഷീൻ ഏറ്റുവാങ്ങി.

പഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ പത്രങ്ങൾ, മാസികകൾ എന്നിവയ്ക്കു പുറമെ ടി വി യുമുണ്ട്. ഓഫീസ് മുറ്റത്ത് മനോഹരമായ ഉദ്യാനമൊരുക്കിയതുൾപ്പെടെ 15 ലക്ഷം രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് കാര്യാലയം നവീകരിച്ചത്‌.