കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് നടത്താനിരിക്കുന്ന റാലി ഭരണഘടന വിരുദ്ധമാണെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ പ്രസ്താവിച്ചു. ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മുസ്ലീം മതമൗലികവാദ - വർഗീയസംഘടനകളുടെ അജൻഡ നടപ്പാക്കാൻ മേയറും എം പിയും അടക്കമുള്ളവർ കൂട്ടുനിൽക്കുകയാണ്. റെസിഡന്റ്സ് അസോസിയേഷനുകളെയും കുടുംബശ്രീ യേയുമടക്കം റാലിയിൽ പങ്കെടുപ്പിക്കാൻ സമ്മർദ്ദം ചെലുത്തുകയാണ്. അധികാര ദുർവിനിയോഗത്തിലൂടെ വിദ്യാർത്ഥികളെ പോലും നിർബന്ധപൂർവ്വം പങ്കെടുപ്പിക്കാനുള്ള ശ്രമം ജനാധിപത്യ വിരുദ്ധമാണ്.
സമൂഹത്തിൽ ഭിന്നതയും വെറുപ്പും സൃഷ്ടിക്കുന്ന വിദ്വേഷ പ്രചാരണമാണ് റാലിയുടെ മറവിൽ നടക്കുന്നത്. നരേന്ദ്രമോദി സർക്കാറിനെതിരെ അരാജകവാദികളെ കൂടെ കൂട്ടി പ്രക്ഷോഭത്തിനിറങ്ങുന്നത് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇന്ത്യയിൽ നടക്കുന്ന പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത് പോപ്പുലർഫണ്ട് പോലെയുള്ള സംഘടനകളാണെന്ന് ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നു. കേരളത്തിന് പുറത്ത് നടന്ന പ്രക്ഷോഭത്തിന്റെ പ്രചോദന കേന്ദ്രം കേരളത്തിലെ തീവ്രവാദ സംഘടനകളാണ്. മാറി മാറി കേരളം ഭരിച്ച മുന്നണികൾ കേരളത്തെ തീവ്രവാദികളുടെയും അർബൻ നക്സലൈറ്റുകളുടെയും അരാജകവാദികളുടെയും താവളമാക്കി മാറ്റിയിരിക്കുന്നു.
ഇല്ലാത്ത പ്രശ്നങ്ങൾ ഊതിവീർപ്പിച്ച് സമൂഹത്തിൽ ഭീതിയുടെ വിത്ത് വിതയ്ക്കാനാണ് കോൺഗ്രസ്സ്, സി.പി.എം ,ലീഗ് കക്ഷികൾ ശ്രമിക്കുന്നത്. സമാധാനമാഗ്രഹിക്കുന്നവർ റാലി ബഹിഷ്കരിക്കണമെന്ന് ബിജെപി അഭ്യർത്ഥിച്ചു.