വടകര: സി.പി.എം ഇപ്പോഴും ടി.പി ചന്ദ്രശേഖരനെ ഭയക്കുന്നുണ്ടെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ടി.പി ഭവന്‍ ഉദ്ഘാടന സമ്മേളനത്തില്‍ നിന്നു ഇടതുമുന്നണി ഘടകകക്ഷികളെ സി.പി.എം വിലക്കിയത് ആ ഭയം കൊണ്ടു തന്നെയാണ്. ഓര്‍ക്കാട്ടേരിയില്‍ ടി.പി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടി.പിയുടെ ചെറുത്തുനില്പിന്റെ ധീരതയും പ്രസ്ഥാനത്തോടുള്ള ആത്മാര്‍ത്ഥതയും രാഷ്ട്രീയ പ്രവർത്തകര്‍ക്ക് മാതൃകയാണ്. സി.പി.എം എന്ന പ്രസ്ഥാനം ഇന്ന് ജനങ്ങളില്‍ നിന്നു അകന്നിരിക്കുന്നു. വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയുന്നവരെയും വിയോജിപ്പുകള്‍ രേഖപ്പെടുത്തുന്നവരെയും കൊന്നുതള്ളുകയാണ് സി.പി.എം. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ അന്വേഷണം ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിച്ചാണ് അത് തടയുന്നത്. ഇത് ജനാധിപത്യസര്‍ക്കാരിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ടി.കെ സിബി അദ്ധ്യക്ഷനായിരുന്നു. ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍സെക്രട്ടറി ജി.ദേവരാജന്‍, ജനതാദള്‍ നേതാവ് ജോണ്‍ ജോണ്‍, അഡ്വ. പി.കുമാരന്‍കുട്ടി, കല്പറ്റ നാരായണന്‍, കെ.എസ്.ഹരിഹരന്‍ എന്നിവരും സംസാരിച്ചു.