മുക്കം: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവർ വ്യാജ പ്രചരണങ്ങൾ നടത്തി മുസ്ലീം സമൂഹത്തെ രാഷ്ട്രത്തിനെതിരെ തിരിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി കുറ്റപ്പെടുത്തി. പാകിസ്ഥാനിൽ നിന്നോ ബംഗ്ലാദേശിൽ നിന്നോ അഫ്ഗാനിസ്ഥാനിൽ നിന്നോ മതപീഡനത്തിന്റെ പേരിൽ ഒരു മുസ്ലിമെങ്കിലും ഇന്ത്യയിൽ എത്തിയത് കാണിക്കാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ പി മുക്കം നഗരസഭ കമ്മിറ്റി സംഘടിപ്പിച്ച സ്വാഭിമാൻ യാത്രയും ദേശഭക്തരുടെ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കൾ ഭൂരിപക്ഷമായിരിക്കുന്നിടത്തോളം കാലം ഇവിടെ മതേതരത്വത്തിനും മുസ്ലിങ്ങൾക്കും ഒന്നും സംഭവിക്കില്ലെന്നും മറിച്ച് മറ്റേതെങ്കിലും മതം ജനസംഖ്യയിൽ ഭൂരിപക്ഷമായാൽ ഭാരതം മതരാഷ്ട്രമാവാൻ സാദ്ധ്യതയേറെയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധി ഭരണഘടനയിൽ മതതരത്വം എഴുതി ചേർത്തതു കൊണ്ടല്ല ഭാരതം മതേതര രാജ്യമായി തുടരുന്നത്.ഇവിടെ എന്നും വിവിധ മതക്കാർ സൗഹൃദത്തിലാണ് . അത് സനാതന ധർമ്മത്തിന്റെ മികവാണ്.
ലോകത്ത് ഇത്രമാത്രം മതസ്വാതന്ത്ര്യമുള്ള രാജ്യം മറ്റൊരിടത്തുമില്ല. ആ അന്തരീക്ഷം തകർക്കുകയാണ് സമരം നടത്തുന്നവരുടെ ലക്ഷ്യം.യു.പി യിലും ബംഗാളിലും മുസ്ലീങ്ങളെ കോൺഗ്രസും സിപിഎമ്മും വോട്ടു ബാങ്കാക്കി മാറ്റിയപ്പോൾ അവർക്കിന്ന് വീടും ടോയ്ലറ്റും ഗ്യാസ് കണക്ഷനും വൈദ്യുതിയും എത്തിക്കുന്നത് നരേന്ദ്ര മോദി സർക്കാരാണ്. രാഷ്ട്രീയക്കാരുടെ വാക്കു കേട്ട് തെരുവിലിറങ്ങി ഭാവി തുലയ്ക്കുയാണ് വിദ്യാർഥികൾ.പ്രധാനമന്ത്രിയുടെ മതവും രാഷ്ട്രീയവും വികസനമാണ്. പൗരത്വ നിയമ ഭേദഗതിയിൽ ഇവിടെയുള്ള ഒരു മുസ്ലീമിന്റെയും അസ്തിത്വത്തിനു ഭീഷണിയില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് സി.ടി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. തപസ്യ വർക്കിംഗ് പ്രസിഡന്റ് സുബോധ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന വൈസ് പ്രസിഡന്റ് ചേറ്റൂർ ബാലകൃഷ്ണൻ, സംസ്ഥാന സമിതി അംഗം സൈമൺ തോണക്കര , കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ബാബു മൂലയിൽ, ബാലകൃഷ്ണൻ വെണ്ണക്കോട്, പി.സി.സുരേഷ് എന്നിവരും സംസാരിച്ചു.