പയ്യോളി: കരകൗശല രംഗത്തെ കലാകാരന്മാർക്ക് ആശ്രയമേകാൻ സംസ്ഥാന സർക്കാരിന്റെ സാംസ്‌കാരിക വകുപ്പ് ആവിഷ്കരിച്ച റൂറൽ ആർട്ട് ഹബ് പദ്ധതിയ്ക്ക് ജനകീയാംഗീകാരം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സർഗാലയ കേരളം ആർട്ട് ആൻഡ് ക്രാഫ്റ്റ് വില്ലേജിന്റെ നേതൃത്വത്തിലാണ് പദ്ധതി നിർവഹണം. സർഗാലയ കലാ കരകൗശല മേളയുടെ ഒൻപതാം പതിപ്പിലെ ജനപങ്കാളിത്തം ഈ പദ്ധതി സമൂഹം ഏറ്റെടുത്തതിനുള്ള തെളിവായി മാറുകയാണ്.

ഗ്രാമീണ കലാകാരന്മാരുടെയും കരകൗശല വിദഗ്ധരുടെയും നൈപുണ്യം ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രദർശന വേദികൾ ഒരുക്കുന്നതിലൂടെ സുസ്ഥിര ഉപജീവനമാർഗം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനാവുമ്പോൾ കലാകാരന്മാർക്ക് ന്യായമായ പ്രതിഫലം പ്രതീക്ഷിക്കാനുമാവും.

പ്രോജക്ടിന്റെ ഭാഗമായി കേരത്തിലെ 21 പ്രദേശങ്ങളെ പൈതൃക ഗ്രാമമായി തിരഞ്ഞെടുക്കുകയായിരുന്നു. ഈ ഗ്രാമങ്ങളിലെ ഗണഭോക്താക്കൾക്ക് മെച്ചപ്പെട്ട കരകൗശല പരിശീലനം ലഭ്യമാക്കുന്നുമുണ്ട്. പ്രാദേശിക ഏജൻസിയെന്ന നിലയിലാണ് നിർവഹണദൗത്യം ഊരാളുങ്കൽ ലേബർ കോട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റിയെ നിയോഗിച്ചത്.

കരകൗശല മേഖലയിലേക്കു കടന്നുവരാൻ പുതുതലമുറ വിമുഖത കാണിക്കുന്നുവെന്ന തിരിച്ചറിവിൽ നിന്നാണ് ഈ പദ്ധതിയുടെ പിറവി. ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ കലാകാരന്മാർ ഏറെ പ്രയാസപ്പെടുന്നതും ഉപജീവനത്തിനായുള്ള വരുമാനം ലഭിക്കുന്നില്ലെന്നതും കൂടി ഉത്തേജന പദ്ധതിയിലേക്ക് നയിക്കുകയായിരുന്നു.

പൈതൃക ഗ്രാമങ്ങളിൽ കരകൗശല കലാകാരന്മാരുടെ യോഗം വിളിച്ചു ചേർക്കുന്നതിനു പിറകെ പ്രതിസന്ധികളെ കുറിച്ച് പഠിക്കാൻ ഏകദിന ശില്പശാല ഒരുക്കുന്നതാണ് പ്രാഥമിക ഘട്ടം.

അപേക്ഷകൾ പരിഗണിച്ച് മുൻഗണനാടിസ്ഥാനത്തിൽ (വിധവ,അഗതി) ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത് അവർക്കു പരിശീലനം നൽകുന്നു. ഓരോ ഗ്രാമത്തിനും വ്യത്യസ്ത കാലയളവിലാണ് പരിശീലനം. സൗകര്യപ്രദമായി അതത്‌ ഗ്രാമത്തിൽ വച്ചോ അതല്ലെങ്കിൽ സർഗാലയയിലോ പരിശീലനം നൽകുകയാണ്. പിന്നീട് അതതു ഗ്രാമങ്ങളിൽ ഉത്പാദന വില്പന കേന്ദ്രം ആരംഭിക്കുന്നു. നിലവിൽ തൃക്കൈപ്പറ്റ ബാംബൂ പൈതൃക ഗ്രാമത്തിന്റെയും കൊല്ലം ജില്ലയിലെ തഴവ തഴപ്പായ പൈതൃക ഗ്രാമത്തിന്റെയും ഉത്പാദന വിപണന കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. മറ്റു ഗ്രാമങ്ങളിലെ പരിശീലനം പുരോഗമിക്കുകയാണ്.

പൈതൃക ഗ്രാമങ്ങളിലെ

ഉത്പന്നങ്ങൾ ഇവ

തൃക്കൈപ്പറ്റ മുള ഉത്പന്നങ്ങൾ, ബേപ്പൂർ ഉരുനിർമാണം, ചേർപ്പ് ദാരുശില്പം, താളങ്ങര തൊപ്പി, കുഞ്ഞിമംഗലം വെങ്കല ശിൽപ്പം, തഴവാ കൈതോല, വെള്ളിനേഴി കഥകളി കോപ്പുകൾ, അരുവാക്കോട് മൺപാത്രം, വടയാർ കളിമൺ ശില്പങ്ങൾ, തേക്കടി മുളയുത്പന്നങ്ങൾ, മുട്ടത്തറ ദാരുശില്പം, ഗുരുവായൂർ പൂരം കോപ്പുകൾ, ബാലരാമപുരം കൈത്തറി വസ്ത്രങ്ങൾ, പയ്യന്നൂർ തെയ്യച്ചമയങ്ങൾ, ചേന്ദമംഗലം കൈത്തറി വസ്ത്രങ്ങൾ, ചേർത്തല കയർ ഉത്പന്നങ്ങൾ, കൂത്താമ്പുള്ളി കൈത്തറി, വെള്ളായണി ദാരുശില്പം, ഇരിങ്ങൽ ആഭരണം, ഇരിങ്ങൽ ബാഗ്.