കോഴിക്കോട്: യു.എ.പി.എ കേസിൽ രണ്ട് മാസത്തോളമായി ജയിലിൽ കഴിയുന്ന അലൻ ഷുഹൈബിനെയും താഹ ഫസലിനെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അലൻ - താഹ ഐക്യദാർഢ്യ സമിതിയുടെ ആഭിമുഖ്യത്തിൽ അമ്മമാർ ഏകദിന ഉപവാസ സമരം നടത്തി.

രാവിലെ പത്തിന് തുടങ്ങിയ ഉപവാസം വൈകിട്ട് അഞ്ച് മണി വരെ തുടർന്നു. താഹയുടെ ഉമ്മ ജമീല നൽകിയ നാരങ്ങനീര് കുടിച്ചാണ് സമരക്കാർ ഉപവാസം അവസാനിപ്പിച്ചത്.

അലൻ ഷുഹൈബും താഹ ഫസലും ചെയ്ത രാജ്യദ്രോഹക്കുറ്റം എന്തെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ട ചുമതല സംസ്ഥാന സർക്കാരിനുണ്ടെന്ന് ഉപവാസം ഉദ്ഘാടനം ചെയ്ത വനിതാ ആക്ടിവിസ്റ്റ് ഡോ.പി ഗീത പറഞ്ഞു. രണ്ടു പേരും എസ്.എഫ്.ഐ പ്രവർത്തകരായിരുന്നു.എസ്.എഫ് ഐ പ്രവർത്തകർ എങ്ങനെയാണ് മാവോയിസ്റ്റുകളാവുന്നത്. ഒരു പക്ഷെ, മാവോയിസത്തെക്കുറിച്ച് പഠിക്കാൻ ലഘുലേഖകളും പുസ്തകങ്ങളും കൈവശം വച്ചു കാണും. സിറിയയിൽ തീവ്രവാദികളായവരെപ്പോലും മാനസാന്തരപ്പെടുത്തി സ്വീകരിക്കുന്ന ഇടതുപക്ഷ സർക്കാർ രണ്ട് വിദ്യാർത്ഥികളുടെ കാര്യത്തിൽ മാത്രം വ്യതസ്ത നിലപാട് കൈക്കൊള്ളുന്നത് അപഹാസ്യമാണെന്ന് അവർ പറഞ്ഞു.

കെ.അജിത അദ്ധ്യക്ഷത വഹിച്ചു. കരിനിയമം എന്ന് പറഞ്ഞ് യു.എ.പി.എ യെ എതിർക്കുന്ന ഇടതു സർക്കാർ ആ നിയമത്തിന്റെ വകുപ്പുകൾ പിൻവലിച്ചില്ലെന്ന് മാത്രമല്ല കേസ് കേന്ദ്ര ‌ഏജൻസിയായ എൻ.ഐ.എ ഏറ്റെടുക്കുന്നതിനുള്ള സാഹചര്യം കൂടിയുണ്ടാക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു.

അജിത, ഡോ.ഗീത എന്നിവർക്കു പുറമെ ജോളി ചിറയത്ത്, വിജി പെൺകൂട്ട്, മോളി, ശബ്‌നം, ഷീജ, അംബിക, ചാരുലത തുടങ്ങിയവരും ഉപവാസ സമരത്തിൽ പങ്കെടുത്തു.