കോഴിക്കോട്: പൗരത്വ നിയമഭേദഗതി ബില്ല് ആകാശത്ത് നിന്ന് വീണതോ ഭൂമിയിൽ നിന്ന് പൊട്ടി മുളച്ചതോ അല്ലെന്നും അത് സംഘപരിവാറിൻെറ ഇന്ത്യൻ ഫാസിസ്റ്റ് ആശയലോകത്ത് നിന്ന് രൂപപ്പെട്ടതാണെന്നും കെ ഇ എൻ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. സ്‌റ്റേറ്റ്‌ പബ്ലിക്‌ ലൈബ്രറി ആൻഡ്‌ റിസർച്ച്‌ സെൻറർ സംഘടിപ്പിച്ച ‘ദേശീയതയുടെ ചരിത്രവും വർത്തമാനവും’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019 ൽ ഔദ്യോഗിക നിയമം ബില്ലിന് പിന്തുണ നൽകുകയാണ് ചെയ്തത്. ഒരു കാലത്ത് അറപ്പോടെയും വെറുപ്പോടെയും കണ്ടിരുന്ന ആർ. എസ് എസ് 2019 ൽ എത്തിയപ്പോൾ ജനപിന്തുണ നേടാൻ കാരണം അവരുടെ സാംസ്കാരിക ശക്തി മൂലമാണ്. സംഘപരിവാറിനെ രാഷ്‌ട്രീയമായി എതിർക്കുന്നതിനൊപ്പം സാംസ്‌കാരികമായും എതിർക്കാൻ നമുക്ക് കഴിയണം. മുറിവൈദ്യന്മാരുടെ കുറിപ്പടികൾ കൊണ്ട്‌ പരിഹരിക്കാവുന്നതല്ല ഇന്ത്യയെ ബാധിച്ചിരിക്കുന്ന രോഗം. പൗരത്വ നിയമം പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ ഇന്ത്യ എന്നത്‌ ഒരു രോഗത്തിൻെറ പേരായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമഭേദഗതിയും ദേശീയ ജനസംഖ്യാ രജിസ്‌റ്ററും നടപ്പാക്കില്ലെന്ന്‌ പ്രഖ്യാപിച്ച്‌ ഒരുമിച്ച്‌ നിന്ന കേരളം രാജ്യത്തിന്‌ മാതൃകയായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ജനതക്ക് മതനിരപേക്ഷത നഷ്ടമായിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഈ മഹാ സമരങ്ങൾ. നിരന്തരമായ ചെറുത്തുനിൽപ്പ്‌ നടത്തുമെന്ന പ്രതിജ്ഞയാണ്‌ ഇന്ന്‌ കാലം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചരിത്രം കുഴിച്ചുമൂടിയ മതരാഷ്‌ട്രവാദം കരിഞ്ചിറക്‌ വിരിച്ച്‌ രാഷ്‌ട്രത്തിൻെറ നെഞ്ചിൽ നിന്നും ചോരയൂറ്റിക്കുടിക്കുകയാണെന്ന്‌ സെമിനാറിൽ സംസാരിച്ച പ്രൊഫ. എം എം നാരായണൻ അഭിപ്രായപ്പെട്ടു. അസമിൽ പൗരത്വ രജിസ്‌റ്റർ നടപ്പാക്കിയപ്പോഴുണ്ടായ രാഷ്‌ട്രീയ പ്രതിസന്ധി മറികടക്കാനാണ്‌ പൗരത്വ ഭേദഗതി ബിൽ കൊണ്ടുവന്നത്‌. പൗരത്വം തെളിയിക്കാൻ പാവപ്പെട്ട ജനങ്ങൾ വരി നിൽക്കേണ്ട സ്ഥിതിയാണിപ്പോൾ. പാകിസ്ഥാനെതിരെ സംസാരിക്കാനാണ്‌ രാജ്യത്തിൻെറ പ്രധാനമന്ത്രി ജനങ്ങളോട്‌ ആഹ്വാനം ചെയ്യുന്നത്‌. ഇത്‌ രാജ്യാന്തര ബന്ധങ്ങളെപ്പോലും ബാധിക്കും. ഗുജറാത്തിലെ ആയിരക്കണക്കിന്‌ മുസ്ലീങ്ങളെ കൊല്ലാൻ കൂട്ടുനിന്ന മോദിയാണ്‌ പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച്‌ ആശങ്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിൻസൻ സാമുവൽ അദ്ധ്യക്ഷത വഹിച്ചു. കെ ചന്ദ്രൻ സ്വാഗതവും ഇ ശങ്കരൻ നന്ദിയും പറഞ്ഞു.