മാനന്തവാടി: കുറുവാദ്വീപിനകത്തേക്ക് പ്രവേശനമില്ലെങ്കിലും ക്രിസ്മസ് അവധിയിൽ പുഴയിലൂടെയുള്ള ചങ്ങാട സവാരിക്കായി കുറുവ ദ്വീപിൽ നിരവധി സഞ്ചാരികളെത്തി. ഡിസംബർ 21 മുതൽ 31 വരെ 6666 സഞ്ചാരികളാണ് കുറുവ ദ്വീപിലെത്തി ചങ്ങാട സവാരി ആസ്വദിച്ച് മടങ്ങിയത്.
ഇതിൽ വിദേശത്തു നിന്നുള്ള വിനോദ സഞ്ചാരികളും കേരളത്തിന് പുറത്തു നിന്നുള്ളവരും ഉണ്ട്.
സാധാരണ ദിവസങ്ങളിൽ 200നും 300 നും ഇടയിലാണ് സഞ്ചാരികൾ എത്തിയിരുന്നത്. കഴിഞ്ഞ 21 മുതലാണ് തിരക്ക് കൂടിയത്. എഴുന്നൂറിലധികം സഞ്ചാരികൾ ക്രിസ്മസിന് മുമ്പും ശേഷവും ചങ്ങാട സവാരിക്കായി എത്തി. ക്രിസ്മസ് ദിനത്തിൽ 720 പേർ സവാരി നടത്തി ഫീസിനത്തിൽ 43215 രൂപ ലഭിക്കുകയും ചെയ്തു.
ഏറ്റവും കൂടുതൽപേർ സവാരി നടത്തിയത് ഡിസംബർ 29നായിരുന്നു. 843 പേർ ചങ്ങാട സവാരി ആസ്വദിച്ചപ്പോൾ 58350 രൂപ വരുമാനമായി ഡി.ടി.പി.സിക്ക് ലഭിക്കുകയും ചെയ്തു.
22 മുതൽ 31 വരെ ആകെ വരുമാന ഇനത്തിൽ ലഭിച്ചത് 434281 രൂപയാണ്.
ബംഗളൂരുവിൽ നിന്നും മറ്റും കുറുവയിലെ ചങ്ങാട സവാരിക്ക് മാത്രമായി എത്തിയവരുണ്ടെന്ന് അധികൃതർ പറഞ്ഞു. ജനുവരി ഒന്നുവരെ തിരക്ക് തുടരും.
സവാരിക്കായി കുറുവയിൽ 10 ചങ്ങാടങ്ങളാണ് ഉള്ളത്. 20 മിനുട്ടും 45 മിനുട്ടും ദൈർഘ്യമുള്ള രണ്ട് തരം സവാരികളാണ് കുറുവയിൽ ആസ്വദിക്കാൻ സാധിക്കുക. 20 മിനുട്ടുള്ള സവാരിക്ക് അഞ്ചുപേർക്ക് 300 രൂപയാണ് നിരക്ക്. 45 മിനുട്ടുള്ള സവാരിക്ക് അഞ്ചുപേർക്ക് 1,000 രൂപ. രാവിലെ ഒമ്പതു മണി മുതൽ വൈകുന്നേരം 4.30 വരെയാണ് കുറുവാദ്വീപ് തുറന്ന് പ്രവർത്തിക്കുക.
പാൽവെളിച്ചത്തുള്ള ജില്ലാ ടൂറിസം പ്രമോഷന്റെ കൗണ്ടറിൽ എത്തിയാൽ മാത്രമേ ചങ്ങാട സവാരി ആസ്വദിക്കാൻ കഴിയുകയുള്ളു.
കുറുവ ദ്വീപിനകത്തേക്ക് പ്രവേശനം നിരോധിച്ചതറിയാതെ അവധി ദിവസങ്ങളിൽ എത്തുന്ന നൂറുകണക്കിന് വിനോദ സഞ്ചാരികൾക്ക് ആശ്വാസമായി മാറിയിരിക്കുകയാണ് ഡി.ടി.പി.സി ഒരുക്കിയ ചങ്ങാട സവാരി.
തിയതി സഞ്ചാരികളുടെ എണ്ണം വരുമാനം
21 443 26,585 രൂപ
22 567 34,070 രൂപ
23 721 43,305 രൂപ
24 702 42,165 രൂപ
25 720 43,215 രൂപ
26 722 43,371 രൂപ
27 584 40495 രൂപ
28 708 48475 രൂപ
29 843 58350 രൂപ
30 422 31972 രൂപ
31 314 222 78 രൂപ