കൽപ്പറ്റ: കേരള വെറ്ററിനറി സർവകലാശാലയിൽ നിന്ന് അനിമൽ ഹാൻഡ്‌ലിംഗ് ഇൻ സൂ ആൻഡ് ഫോറസ്റ്റ് കോഴ്സ് പൂർത്തിയാക്കിയവരെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ നിയമിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ നിയമനം നടത്തുമ്പോൾ പട്ടികവർഗ കുടുംബങ്ങളിലെ ഒരാൾക്ക് ഒരു ജോലി എന്ന പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സർവകലാശാലയിൽ നിന്ന് പഠിച്ചിറങ്ങിയ 30 പേരെ പരിഗണിക്കണമെന്നാണ് പി.മോഹനദാസിന്റെ ഉത്തരവ്.
കമ്മീഷൻ പട്ടികവർഗ്ഗ വകുപ്പ് ഡയറക്ടറിൽ നിന്ന് റിപ്പോർട്ട് വാങ്ങിയിരുന്നു. കോഴ്സ് പഠിച്ചവരെ നിയമിക്കാൻ വനംവകുപ്പുമായി ചർച്ച നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ നിയമിക്കുന്ന കാര്യം സർക്കാറിന്റെ പരിഗണനയിലാണെന്നും പരാതിക്കാരെ പ്രസ്തുത തസ്തികയിൽ പരിഗണിക്കണമെന്ന് മുഖ്യവനപാലകന് കത്ത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ജൈവവൈവിദ്ധ്യ സംരക്ഷണം, വന്യജീവികളുടെ സംരക്ഷണം തുടങ്ങി പ്രായോഗിക പരിജ്ഞാനത്തിൽ അധിഷ്ഠിതമായ വിഷയത്തിൽ ഇന്ത്യയിലാദ്യമായി പ്രാവീണ്യം നേടിയവരാണ് പരാതിക്കാർ. ഇവരെ വനം വകുപ്പിന്റെ റസ്‌ക്യൂസെന്ററുകൾ, ഗൈഡുകൾ, തുടങ്ങിയ തസ്തികകളിൽ നിയമിക്കാൻ സാധിക്കും.
രണ്ട് വർഷം മുമ്പാണ് ഇവർ കോഴ്സ് പൂർത്തിയാക്കിയത്. ഇവരെ താത്കാലികമായെങ്കിലും നിയമിക്കാൻ തയ്യാറാകാത്തത് ആദിവാസി സമൂഹത്തോടുള്ള അവഗണനയാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പട്ടികവർഗ്ഗ ഡയറക്ടർ മുഖ്യവനപാലകന് കത്ത് നൽകിയിട്ടും നടപടിയുണ്ടാകാത്തത് ഖേദകരമാണ്. മീനങ്ങാടി സ്വദേശി കെ.എം രജീന്റെ നേതൃത്വത്തിൽ നൽകിയ പരാതിയിലാണ് നടപടി.