കോഴിക്കോട്: പുതുവർഷത്തിലെ ആദ്യ പോരിന് ഗോകുലം എഫ്.സി ഇന്നിറങ്ങും. ഐ ലീഗിൽ കോഴിക്കോട് കോർപറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഐസ്വാൾ എഫ്.സിയാണ് മലബാറിയൻസിന്റെ എതിരാളികൾ. വൈകിട്ട് 7.15 മുതലാണ് മത്സരം.
മൂന്ന് കളികളിൽ നിന്ന് ആറ് പോയന്റുമായി ലീഗിൽ അഞ്ചാമതാണ് ഗോകുലം. നെരോക്ക എഫ്.സിയെയും ഇന്ത്യൻ ആരോസിനെയും പാരജയപ്പെടുത്തിയ ഗോകുലം മോഹൻ ബഗാനോട് എവേ മത്സരത്തിൽ പരാജയപ്പെട്ടു.
അഞ്ച് കളികളിൽ ഒരു ജയവും മൂന്ന് സമനിലയും ഉൾപ്പെടെ ആറ് പോയന്റുള്ള ഐസ്വാൾ ആറാമതാണ്. ഈ മത്സരത്തിൽ ജയിക്കുന്ന ടീമിന് പോയന്റ് പട്ടികയിൽ ഒന്നാമതെത്താം. ഇന്ത്യൻ ആരോസിനെതിരെ ചുവപ്പുകാർഡ് കിട്ടിയ പ്രതിരോധത്തില വിശ്വസ്തൻ ആന്ദ്രെ എതിയാനെ തിരിച്ചെത്തുന്നത് ഗോകുലത്തിന് കരുത്താകും. മികച്ച കളി പുറത്തെടുത്തിട്ടും മോഹൻ ബഗാനോടേറ്റ തോൽവിയുടെ ആഘാതം മികച്ച വിജയത്തിലൂടെ മറികടക്കാനാണ് ഗോകുലത്തിന്റെ ശ്രമം.
ബഗാനെതിരായെ കളിയിലെ പോരായ്‌മകൾ തിരുത്തുമെന്നും മികച്ച കളി പുറത്തെടുക്കുമെന്നും ഗോകുലത്തിന്റെ പരിശീലകൻ ഫെർണാണ്ടോ ആന്ദ്രേ സാന്റിയാഗോ വരേല പറഞ്ഞു.
ഗോകുലത്തേക്കാൾ രണ്ട് മത്സരം അധികം കളിച്ചതിന്റെ കരുത്തുമായാണ് ഐസ്വാൾ എഫ്.സി വരുന്നത്. മികച്ച പ്രകടനം വിജയമാക്കാൻ സാധിക്കാത്തതാണ് ടീമിന്റെ പേരായ്മ. മൂന്ന് സമനിലകളാണ് ഐസ്വാൾ വഴങ്ങിയത്.
ക്യാപ്ടനും ഗോളടി യന്ത്രവുമായ മാർക്കസ് ജോസഫും ഹെൻട്രി കിസേക്കയും നയിക്കുന്ന മുന്നേറ്റ നിരയാണ് ഗോകുലത്തിന്റെ കരുത്ത്. എതിയാനെ തിരിച്ചെത്തുന്നതോടെ പ്രതിരോധ നിര ശക്തമാകും. മദ്ധ്യനിരിയിൽ മുഹമ്മദ് ഇർഷാദും നഥാനിയേൽ ഗാർഷ്യയും ഇറങ്ങും.