കോഴിക്കോട്: ദേശീയ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി ബി.ജെ.പി സംഘടിപ്പിക്കുന്ന സമ്പർക്ക യജ്ഞത്തിന് തുടക്കമായി. സമ്പർക്ക യജ്ഞത്തിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ഡോ.എം.ജി.എസ്.നാരായണനെയും എം.ടി.വാസുദേവൻ നായരെയും സന്ദർശിച്ച് ലഘുലേഖ നൽകി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധൻ നിർവ്വഹിച്ചു. ഇന്നലെ രാവിലെ ഇരുവരുടെയും വീട്ടിലെത്തിയാണ് സമ്പർക്കത്തിന് തുടക്കമിട്ടത്.
പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് നടക്കുന്നത് വ്യാജപ്രചരണങ്ങളാണെന്നും യാഥാർത്ഥ്യം മനസ്സിലാക്കി സത്യത്തിനൊപ്പം നിൽക്കണമെന്നും പി.എം. വേലായുധൻ അഭിപ്രായപ്പെട്ടു. ബി ജെ പി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ, ട്രഷറർ ടി.വി. ഉണ്ണികൃഷ്ണൻ, കൗൺസിലർ ഇ. പ്രശാന്ത് കുമാർ എന്നിവരും പങ്കെടുത്തു.
ജനുവരി മൂന്ന് മുതൽ പത്ത് വരെയാണ് ഗൃഹസമ്പർക്കം നടത്തുന്നത്. വിവിധ മോർച്ചകളുടെയും സെല്ലുകളുടെയും ഭാരവാഹികളാണ് സമ്പർക്കത്തിന് നേതൃത്വം നൽകുന്നത്. പൗരത്വനിയമ ഭേദഗതി അംഗീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ഒരു കോടി കത്തയക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്ന് ഇ-മെയിൽ സന്ദേശങ്ങളും പോസ്റ്റുകാർഡുകളും അയക്കും. നിയോജകമണ്ഡലങ്ങളിൽ നൂറ് കുടുംബയോഗങ്ങളും സംഘടിപ്പിക്കും. സാമൂഹ്യമാദ്ധ്യമങ്ങൾ ഉപയോഗിച്ചുള്ള പ്രചാരണം, കൂട്ടയോട്ടം, സംവാദസദസ്സുകൾ, ജനജാഗ്രതാസമ്മേളനങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.