കോഴിക്കോട്: റോഡ് സുരക്ഷ വാരം ജനുവരി 11 മുതല്‍ 17 വരെ വിവിധ പരിപാടികളോടെ നടത്താൻ ജില്ലാ കളക്ടര്‍ സാംബശിവ റാവുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. റോഡ് സുരക്ഷാ വാരത്തിന്റെ ഭാഗമായി അപകടമേഖല വിശകലനം ചെയ്ത് റോഡുകളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും തുടര്‍ച്ചയായി വാഹന പരിശോധന നടത്തുകയും ചെയ്യും. റോഡ് സുരക്ഷ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ബോധവല്‍ക്കരണ കാമ്പയിനുകള്‍ കൃത്യമായി സംഘടിപ്പിക്കും.ഗതാഗതകുരുക്ക് രൂക്ഷമായ സ്ഥലങ്ങള്‍ തെരഞ്ഞെടുത്ത് യുവജനങ്ങളെ പങ്കാളികളാക്കി ട്രാഫിക് മാനേജ്‌മെന്റ് ക്ലബ്ബുകള്‍ രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഉപകരണങ്ങളും മാസ്‌ക്കും നല്‍കും. ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും.

യോഗത്തില്‍ സബ് കളക്ടര്‍ ജി പ്രിയങ്ക, ഡിവൈ എസ് പി (റൂറല്‍) കെ.എസ് ഷാജി, ഡി.സി.പി (കോഴിക്കോട് സിറ്റി) എ.കെ ജമാലുദ്ദീന്‍, എ.സി.പി (ട്രാഫിക്) പി ബിജുരാജ്, ആര്‍.ടി.ഒ എം.പി സുഭാഷ് ബാബു, പി.എം ഷബീര്‍, പിഡബ്യൂഡി എ.ഇ വി.പി വിജയകൃഷ്ണന്‍, ഡ്രാഫ്റ്റ്‌സ്മാന്‍ (എന്‍.എച്ച് ബൈപ്പാസ്) എന്‍ വിനോദ് കുമാര്‍, നാറ്റ്പാക് പ്രോജക്ട് എൻജിനിയര്‍ സെഹല്‍ ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.