കൽപ്പറ്റ:പൌരത്വ ഭേദഗതി ബില്ലിനെതിരെ തെരുവിൽയുദ്ധം ചെയ്യാൻ സർക്കാർ ഖജനാവിലെ നികുതി പണം ഉപയോഗിക്കുകയാണെന്നും ഇത് ഭരണഘടനാവിരുദ്ധമാണെന്നും ബി.ജെ.പി.ജില്ലാ പ്രസിഡന്റ് സജി ശങ്കർ പറഞ്ഞു. കുടുംബശ്രീയുടെ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയും തൊഴിലുറപ്പ് പണി നിർത്തിവെച്ചും പഞ്ചായത്ത് ഭരണസമിതികൾ നടത്തുന്ന സമരം ജനാധിപത്യ കേരളത്തിന് ഭൂഷണമല്ല. സ്ത്രീകളേയും കുട്ടികളേയും ഭീഷണിപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചുമാണ് സമരത്തിന് കൊണ്ടുപോകുന്നത്. ഇത് ആവർത്തിച്ചാൽ ജനാധിപത്യ രീതിയിൽ പ്രതിരോധം തീർക്കാൻ ബി.ജെ.പി. നിർബന്ധിതമാകും. ജനുവരി അഞ്ചു മുതൽ പതിനഞ്ച് വരെ ജില്ലയിൽ പൌരത്വ ഭേദഗതി ബില്ലിന്റ യാഥാർത്ഥ്യം ജനങ്ങളിലേക്കെത്തിക്കാൻ വിപുലമായ ഗൃഹ സമ്പർക്ക പരിപാടി നടത്തുമെന്നും സജി ശങ്കർ പറഞ്ഞു.