കോഴിക്കോട്: സി.കെ ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടിക്ക് ഇടതുപക്ഷ നേതാക്കൾ വാഗ്ദാനം നൽകിയ ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ നൽകാത്തത് സാമൂഹിക നീതിക്ക് നിരക്കാത്തതാണെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന സമിതി യോഗം ആരോപിച്ചു.

ഇടതുപക്ഷ നേതാക്കൻമാരുമായി കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന ചർച്ചയിൽ ബോർഡ്, കോർപ്പറേഷൻ ചെയർമാൻ,അംഗങ്ങൾ തുടങ്ങിയ സ്ഥാനങ്ങളും മറ്റും നൽകാമെന്ന വാഗ്ദാനം നൽകിയിരുന്നു.ഉപതെരഞ്ഞെടുപ്പു കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടും ഇതു നടപ്പാക്കാത്തതിനാൽ ഇടതു മുന്നണിയുമായി സഹകരിക്കേണ്ടതില്ലെന്ന പ്രവർത്തകരുടെ കടുത്ത പ്രതിഷേധം തുടരുകയാണ്.

ഈ മാസം 20 ന് കോഴിക്കോട് നടക്കുന്ന സംസ്ഥാന സമിതിയിൽ ഇടതു മുന്നണിയുമായുള്ള സഹകരണ സഖ്യത്തിൽ തീരുമാനമെടുക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സതീഷ് പാറന്നൂർ അറിയിച്ചു.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.എം.നാരായണനെ പുറത്താക്കിയതായി സംസ്ഥാന അദ്ധ്യക്ഷ സി.കെ. ജാനു അറിയിച്ചു. പകരം ജില്ലാ വൈസ് പ്രസിഡന്റ് പി.ബി.ശ്രീധരന് ജില്ലാ പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകി.

യോഗത്തിൽ സി.കെ. ജാനു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സതീഷ് പാറന്നൂർ, സെക്രട്ടറി പ്രകാശൻ മൊറാഴ , ട്രഷറർ പ്രസീത അഴീക്കോട്, മാമൻ മാഷ്, പി.ബി.ശ്രീധരൻ, വി.ടി.ഭരതരാജൻ, സുധീഷ് പൂളാടിക്കുന്ന്, ബാബു വയനാട്, ആനന്ദൻ ഇടവട്ടം, സത്യൻ കൊക്കാത്തോട് എന്നിവർ സംസാരിച്ചു.