കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സിറ്റി പൊലീസ് കമ്മിഷണർ എ.വി ജോർജ്ജിന് നിവേദനം നൽകി.

മലബാർ ഡെവലപ്പ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ വ്യാപാര കെട്ടിട ഉടമ തീവണ്ടി യാത്രാ സംഘടനകളാണ് നിവേദനം നൽകിയത്. മിഠായിത്തെരുവ് വഴി ഗതാഗതം നിരോധിച്ചതോടെ ജി.എച്ച് റോഡിൽ ഗതാഗത തടസം വർദ്ധിച്ചിരിക്കുകയാണ്. ജി.എച്ച് റോഡിലെ ഗതാഗത തടസ്സം ഏറ്റവും കൂടുതൽ ബാധിക്കുന്നത് നഗരത്തിലെ വടക്ക് ഭാഗത്ത് നിന്നും വരുന്ന റെയിൽവേ യാത്രക്കാരെയാണ്.കിഡ്‌സൺ കോർണറിലെ പാർക്കിംഗ് പ്ളാസ വരുന്നത് വരെ മിഠായിത്തെരുവ് വഴി ഗതാഗതം അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. കൂടാതെ നഗരത്തിൽ സർക്കുലർ ബസ് സർവീസ് ആരംഭിക്കണം. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ട്രാഫിക് ഉപദേശക സമിതി പുനരാരംഭിക്കണം. നിവേദനം സ്വീകരിച്ച പൊലീസ് കമ്മിഷണർ ഭാരവാഹികളുമായി ചർച്ച നടത്തുകയും ചെയ്തു.