കോഴിക്കോട് : മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാഡമി സംഘടിപ്പിക്കുന്ന വൈദ്യർ മഹോത്സവത്തിൻെറ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം നാളെ വെെകുന്നേരം 6 ന് കൊണ്ടോട്ടി വൈദ്യർ അക്കാഡമിയിൽ മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഈ വർഷത്തെ മോയിൻകുട്ടി വൈദ്യർ പുരസ്‌കാരം നേടിയ മാപ്പിള സാഹിത്യ രംഗത്തെ അതികായകനും ഗ്രന്ഥകാരനുമായ ബാലകൃഷ്ണൻ വള്ളിക്കുന്നിന് മന്ത്രി ഉപഹാരം നൽകും. മലയാളം സർവകലാശാലയുടെ ഡിലിറ്റ് ലഭിച്ച വി.എം. കുട്ടിയെ ചടങ്ങിൽ ആദരിക്കും. എരഞ്ഞോളി മൂസ, വടകര എം. കുഞ്ഞിമൂസ, കെ.പി.കുഞ്ഞിമൂസ, തലശേരി എ.ഉമ്മർ, തോപ്പിൽ മുഹമ്മദ് ബീരാൻ, പുള്ളിയിൽ ചേക്കു, ബക്കർ എടക്കഴിയൂർ, ഇക്ബാൽ കോപ്പിലാൻ, മുഹമ്മദ് മറ്റത്ത് എന്നിവരുടെ ചിത്രങ്ങൾ പി.കെ.കുഞ്ഞാലിക്കുട്ടി എംപി അനാച്ഛാദനം ചെയ്യും. ടി.വി.ഇബ്രാഹിം എം എൽ എ മുഖ്യപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ വൈദ്യർ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി, സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, അക്കാദമി അംഗങ്ങളായ രാഘവൻ മാടമ്പത്ത്, കെ എ .ജബ്ബാർ എന്നിവർ പങ്കെടുത്തു.