@ ലീഡേഴ്‌സ് കോൺക്ലേവ് നാളെ ഫാറൂഖ് കോളേജിൽ

കോഴിക്കോട്: സംസ്ഥാനത്തിന്റെ ഭാവി വികസനത്തെക്കുറിച്ചുള്ള പുതുതലമുറയുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും നേരിട്ടറിയാൻ കലാലയങ്ങളിലെ വിദ്യാർത്ഥി നേതാക്കളോട് മുഖ്യമന്ത്രി പിണറായി വിജയൻ സംവദിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് സ്റ്റുഡന്റ് ലീഡേഴ്‌സ് കോൺക്ലേവ് നാളെ രാവിലെ പത്തിന് ഫാറൂഖ് കോളേജിൽ നടക്കും.

വികസന നയം രൂപീകരിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് സ്റ്റുഡന്റ് ലീഡേഴ്‌സ് കോൺക്ലേവിലൂടെ മുഖ്യമന്ത്രി വിദ്യാർത്ഥി യൂണിയൻ പ്രതിനിധികളുമായി ആശയ വിനിമയം നടത്തുന്നത്.
ഫാറൂഖ് കോളേജിൽ നടക്കുന്ന രണ്ടാം കോൺക്ലേവിൽ കണ്ണൂർ, കോഴിക്കോട്, കാർഷിക, വെറ്റിനറി, മലയാളം, സംസ്‌കൃതം, കേരള കലാമണ്ഡലം സർവ്വകലാശാലകളിലെ യൂണിയൻ പ്രതിനിധികളും അവയുടെ കീഴിൽ വരുന്ന സ്വാശ്രയ കോളേജുകൾ ഉൾപ്പെടെയുളള എല്ലാ അഫിലിയേറ്റഡ് കോളേജുകളിലേയും യൂണിയൻ ചെയർമാൻ, ജനറൽ സെക്രട്ടറി എന്നിവരാണ് പങ്കെടുക്കുക. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങൾ, ഗുണമേന്മക്കുള്ള നിർദ്ദേശങ്ങൾ, നവകേരള നിർമ്മിതിക്കുള്ള വിദ്യാർത്ഥി സമൂഹത്തിന്റെ കാഴ്ചപ്പാടും പങ്കാളിത്തവും എന്നീ വിഷയങ്ങളിൽ മുഖ്യമന്ത്രി വിദ്യാർത്ഥി പ്രതിനിധികളുമായി ആശയ വിനിമയം നടത്തും. മുഴുവൻസമയം മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കും.
ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി ജലീൽ അദ്ധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പു സെക്രട്ടറി ഉഷാ ടൈറ്റസ് സ്വാഗതവും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ വി. വിഘ്‌നേശ്വരി നന്ദിയും പറയും. രാവിലെ എട്ടു മണിക്ക് വിദ്യാർഥി പ്രതിനിധികളുടെ രജിസ്‌ട്രേഷൻ ആരംഭിക്കും.