കോഴിക്കോട്: തളി ബ്രാഹ്മണ സമൂഹ മഠത്തിലെ ശാസ്താപ്രീതി മഹോത്സവത്തോടനുബന്ധിച്ചുള്ള മഹാരുദ്ര യജ്ഞം ഇന്ന് ആരംഭിച്ചു. രാവിലെ മഹാഗണപതി ഹോമത്തോടെ യജ്ഞ കർമ്മങ്ങൾ ആരംഭിച്ചു. തുടർന്ന് മഹാന്യാസം, രുദ്രവിധാന പൂജ, രുദ്ര ജപം, നവഗ്രഹഹോമം, ക്രമാർച്ചന എന്നിവ നടന്നു. തുടർന്ന് കലശങ്ങളിലെ ജലം തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലും തളി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലും നഗര പ്രദക്ഷിണമായി കൊണ്ടു പോയി അഭിഷേകം നടത്തി.

ഹോമ മണ്ഡപത്തിൽ ആദിത്യാദി നവഗ്രഹഹോമം നടന്നു. പൂജാദികർമ്മങ്ങൾക്കു് തളി ബ്രാഹ്മണ സമൂഹം പുരോഹിതൻ ശ്രീനാഥ് ശർമ്മ മുഖ്യ കാർമ്മികത്വം വഹിച്ചു. പുരോഹിതന്മാരായ എം.ആർ. വെങ്കിട്ടരാമ വാധ്യാർ, ശങ്കര ശർമ്മ എന്നിവർ സഹകാർമ്മികത്വം വഹിച്ചു. ദക്ഷിണേന്ത്യയിലെ പ്രഗത്ഭ വൈദിക ശ്രേഷ്ഠന്മാരാണ് മഹാരുദ്ര യജ്ഞത്തിൽ പങ്കെടുക്കുന്നത്. മാസ്റ്റർ ഭരദ്വാജ് സുബ്രഹ്മണ്യത്തിന്റെ 'സംഗീതകച്ചേരിയും നടന്നു. മഹാരുദ്രയജ്ഞത്തിന്റെ സമാപന ദിവസമായ നാളെ രുദ്ര ഹോമം, ഗോ പൂജ, വസോർദ്ധാര, പൂർണ്ണാഹുതി എന്നിവ നടക്കുന്നതാണ്. നാളെ വൈകുന്നേരം 6.30ന് ഡോ.പി.പദ്‌മേഷിന്റെ പുല്ലാങ്കുഴൽ കച്ചേരി ഉണ്ടായിരിക്കുന്നതാണ്. ജനുവരി 11 ശനിയാഴ്ചയാണ് ശാസ്താ പ്രീതി.