കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരേ യു.പി.എയും യു.ഡി.എഫും നടത്തുന്ന പ്രക്ഷോഭങ്ങളുടെ തുടർച്ചയായി എം.കെ രാഘവൻ എം.പി നയിക്കുന്ന ലോങ് മാർച്ച് ജനുവരി ആറ്, ഏഴ് തിയ്യതികളിൽ നടക്കും. ആറിന് വൈകിട്ട് മൂന്നിന് കൊടുവള്ളിയിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്, സംഘാടകസമിതി ചെയർമാൻ ഉമ്മർ പാണ്ടികശാല, ജന. കൺവീനർ അഡ്വ. പി.എം നിയാസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അന്ന് വൈകീട്ട് ഏഴിന് കുന്ദമംഗലത്ത് നടക്കുന്ന ആദ്യ ദിവസത്തെ പര്യടനത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ മുരളീധരൻ എം.പി, പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ എന്നിവർ പ്രസംഗിക്കും.
ജനുവരി ഏഴിന് രാവിലെ ഒൻപതിന് മൂഴിക്കൽ നിന്നാണ് പര്യടനം ആരംഭിക്കുക. ഡി.സി.സി ഓഫീസിലെ ഉച്ചഭക്ഷണത്തിന് ശേഷം മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നിന്ന് പര്യടനം ആരംഭിക്കും. ഫറോക്ക് പേട്ടയിൽ നടക്കുന്ന സമാപന സമ്മേളനം ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യപ്രഭാഷണവും നടത്തും.
എ.ഐ.സി.സി ആഹ്വാന പ്രകാരം എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി എം.പിമാരുടെ നേതൃത്വത്തിലുള്ള ലോങ് മാർച്ചുകൾ യു.ഡി.എഫ് ആസൂത്രണം ചെയ്തിട്ടുണ്ട്. ഡി.സി.സി മുൻ പ്രസിഡന്റ് കെ.സി അബു, എൻ.വി ബാബുരാജ്, ദിനേശ് പെരുമണ്ണ, മനോജ് ശങ്കരനല്ലൂർ, ശരത് മോഹൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.