ക്രൈംബ്രാഞ്ച് ഓഫീസ് ഉൾപ്പെടെ

പൊലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം

കമ്പളക്കാട്: പൊലീസിന്റെ 2020 ലെ പ്രധാന പരിപാടിയായി സ്ത്രീകളുടെ സുരക്ഷയെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കമ്പളക്കാട് ക്രൈംബ്രാഞ്ച് ഓഫീസടക്കം പൊലീസിനായി നിർമ്മിച്ച പതിനഞ്ചോളം ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് മുന്തിയ പരിഗണന നൽകണം. സുരക്ഷ പ്രധാനമായും പൊലീസിന്റെ ചുമതലയാണെങ്കിലും സമൂഹവും ഇക്കാര്യത്തിൽ പിന്തുണ നൽകണം. ആപൽസാധ്യതകൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കുന്ന സംസ്‌ക്കാരം ഉയർന്ന് വരണം. കൃത്യമായി ഇടപെടുന്നുണ്ടെന്ന് ബോധ്യപ്പെടുത്താൻ പൊലീസിനും സാധിക്കണം. പൊലീസിന്റെ ജോലി മറ്റാരും ഏറ്റെടുക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വനിത ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ സധൈര്യം മുന്നോട്ട് പരിപാടിക്ക് നല്ല പിന്തുണയാണ് ലഭിച്ചത്. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സ്ത്രീകൾക്ക് പൊതുയിടങ്ങളിൽ സഞ്ചരിക്കാൻ ആത്മവിശ്വാസം പകരാൻ സാധിക്കണം. സുരക്ഷിത എന്ന പേരിൽ കേരള പൊലീസിന്റെ സ്ത്രീ സുരക്ഷാ പരിപാടി കൊല്ലം നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടന്നു വരികയാണ്. വിലയിരുത്തലുകൾക്ക് ശേഷം സംസ്ഥാനത്താകെ വ്യാപിപ്പിക്കും. നഗരങ്ങളിൽ ഷാഡോ പൊലീസിംഗ് ശക്തിപ്പെടുത്തും. സ്തീകളും കുട്ടികളും ഒരുതരത്തിലുളള ആക്രമണങ്ങൾക്കും അവഹേളനങ്ങൾക്കും വിധേയരാവാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുടെ അടിയന്തര ഘട്ടങ്ങളിലെ ആശ്രയ കേന്ദ്രങ്ങളായ പൊലീസ് സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ സർക്കാർ മുന്തിയ പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, ക്രൈംബ്രഞ്ച് ഐ.ജി. ഇ.ജെ ജയരാജ്, ജില്ലാ പൊലീസ് മേധാവി ആർ.ഇളങ്കോ, ക്രൈംബ്രാഞ്ച് എസ്.പി എ.ശ്രീനിവാസ്, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് റെയ്‌ഹാനത്ത് ബഷീർ, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ഇസ്മായിൽ, ഓമന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.