വടകര:ഷാഡോ പൊലീസ് സംവിധാനം ശക്തിപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് കണ്‍ട്രോള്‍ റൂം വടകരയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നഗരങ്ങളിലും ഗ്രാമങ്ങളിലും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ പ്രധാനമാണ് സമൂഹത്തില്‍ സ്ത്രീകളും കുട്ടികളും അവഹേളനത്തിന് ഇടയാകരുത്. ആ രീതിയില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ പൊലീസിന് കഴിയണം. സ്ത്രീ സുരക്ഷയില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവുന്ന വിധത്തില്‍ കേരളം മാറണം.
സധൈര്യം മുന്നോട്ട് എന്ന പേരില്‍ വനിത ശിശു വികസന വകുപ്പ് സംഘടിപ്പിച്ച സ്ത്രീകളുടെ രാത്രി സഞ്ചാരം മാര്‍ച്ച് 8 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തും .രാപകല്‍ വ്യത്യാസമില്ലാതെ സ്ത്രീകള്‍ക്ക് പൊതു ഇടങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയണം.
എല്ലാ മേഖലയിലും അഴിമതി രഹിത കേരളമാക്കാനുള്ള ശ്രമം തുടരുകയാണ്. പൊലീസ് സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യ വികസനം പ്രധാനമാണ് .സ്വന്തമായി കെട്ടിടമില്ലാത്ത ഒട്ടേറെ പൊലീസ് സ്റ്റേഷന്‍ ഇപ്പോഴുമുണ്ട് .അത്തരം സ്റ്റേഷനുകള്‍ക്ക് സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ മുന്‍ഗണന നല്കും. 13 വര്‍ഷം വികസനം മുടങ്ങിയ തമ്പാനൂര്‍ സ്റ്റേഷന്‍ വികസനം ഇപ്പോഴാണ് സാദ്ധ്യമായത്. മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്താകെ 15 പൊലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചത്.
പൊലീസ് സേന ഇത്രയേറെ നവീകരിക്കപ്പെട്ട കാലം ഉണ്ടായിട്ടില്ലെന്നും അദ്ധ്യക്ഷ പ്രസംഗത്തില്‍ തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു . ആയഞ്ചേരിയില്‍ പൊലീസ് സ്റ്റേഷന്‍ വേണമെന്ന ആവശ്യം കുറ്റ്യാടി എം എല്‍ എ പാറക്കല്‍ അബ്ദുള്ള ചടങ്ങില്‍ ഉന്നയിച്ചു.
വിശിഷ്ട സേവനം നടത്തിയ റൂറല്‍ പൊലീസ് മേധാവി കെ ജി സൈമണ്‍, ഡബ്ലു എസ് ഐമാരായ ഉഷകുമാരി, ജയകുമാരി എസ് ഐ ദിവാകരന്‍, എഎസ് ഐ ഷിബിന്‍ ജോസഫ്, ഡബ്ലു എസ് സി പി ഒ കുഞ്ഞുമോള്‍ ,പ്രദീപന്‍ എന്‍ കെ എസ് ഐ ബാബുരാജ്, രതീശന്‍ മടപ്പള്ളി എന്നിവര്‍ മന്ത്രി ടി പി രാമകൃഷ്ണനില്‍ നിന്നും ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. സി കെ നാണു എം എല്‍ എ , മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ ശ്രീധരന്‍, കൗണ്‍സിലര്‍ എ പ്രേമ കുമാരി വടകര ഡിവൈ എസ് പി പ്രിന്‍സ് എബ്രഹാം തുടങ്ങിയവരും പങ്കെടുത്തു.റൂറല്‍ പൊലീസ് ചീഫ് കെ ജി സൈമണ്‍ സ്വാഗതം പറഞ്ഞു