സുൽത്താൻ ബത്തേരി: സഹോദരിയുടെ മകനെ മർദ്ദിച്ചത് ചോദ്യം ചെയ്യാനെത്തിയ പഞ്ചായത്ത് അംഗത്തെ കുത്തിപരിക്കേൽപ്പിച്ചു. നെൻമേനി ഗ്രാമ പഞ്ചായത്ത് പത്തൊമ്പതാം വാർഡ് മെമ്പർ ചുള്ളിയോട് കൊച്ചുപറമ്പിൽ സാബു കുഴിമാളത്തി (50)നാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മലവയൽ മഞ്ഞാടി തൊവരിമല മൊട്ടത്ത് മുഹമ്മദിനെ (32) ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി ബത്തേരിയിലെ ഒരു ബാറിൽ വെച്ചായിരുന്നു സംഭവം.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് : സാബു കുഴിമാളത്തിന്റെ സഹോദരിയുടെ മകൻ ഡോണിസൺ ബത്തേരിയിലെ ഒരു വസ്ത്രശാലയിൽ സെയിൽസ്മാനായി ജോലിചെയ്യുകയാണ്. വെള്ളിയാഴ്ച രാത്രി എട്ടരയ്ക്ക് ശേഷം മുഹമ്മദും സുഹൃത്തുക്കളും വസ്ത്രം എടുക്കുന്നതിനായി കടയിൽ എത്തി. വസ്ത്രം എടുത്ത് ഇറങ്ങുന്നതിനിടെ മദ്യലഹരിയിലായിരുന്ന മുഹമ്മദ് ഡോണിസണെ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോൾ മുഹമ്മദ് ഡോണിസണെ മർദ്ദിക്കുകയും ചെയ്തു.
സ്ഥാപനത്തിലെ ജീവനക്കാർ ഡോണിസണെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് സാബു കുഴിമാളവും മറ്റൊരു ബന്ധുവും എത്തി. ഈ സമയം ബത്തേരിയിലെ ഒരു ബാറിൽ മുഹമ്മദും കൂട്ടരും ഉണ്ടെന്ന് അറിഞ്ഞു. ഇവിടെ എത്തി മുഹമ്മദിനെ ബാറിൽ നിന്ന് പുറത്തേക്ക് സാബു കൂട്ടികൊണ്ടുവരുന്നതിനിടെ ക്യാഷ് കൗണ്ടറിന് സമീപം വെച്ച് മുഹമ്മദ് സാബുവിനെ കുത്തുകയായിരുന്നു.
കുത്തേറ്റ് വീണ സാബു കുഴിമാളത്തിനെ ഒപ്പമുണ്ടായിരുന്നവർ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിലും എത്തിച്ചു. വിവരമറിഞ്ഞെത്തിയ ബത്തേരി പൊലീസ് മുഹമ്മദിനെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സ്വകാര്യ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ സാബു കുഴിമാളം അപകടനില തരണം ചെയ്തതായാണ് വിവരം. സാബു കുഴിമാളം സി.പി.എം മെമ്പറാണ്. മുഹമ്മദ് സി.പി.ഐ മലവയൽ മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.