gokulam

കോഴിക്കോട്: പുതുവർഷത്തിൽ വിജയത്തോടെ തുടങ്ങാമെന്ന ഗോകുലം കേരള എഫ്.സിയുടെ പ്രതീക്ഷകൾ തകർത്ത് ഐസ്വാൾ എഫ്.സിയുടെ സമനിലക്കുരുക്ക് (1 - 1). ഐ ലീഗിൽ മൂന്നാം വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ ഗോകുലത്തിന്റെ മുന്നേറ്റങ്ങളെല്ലാം ഐസ്വാൾ ഗോളി ലാൽറം റൗട്ടയുടെ മികവിന് മുന്നിൽ തകരുകയായിരുന്നു. ക്യാപ്ടൻ മാർക്കസ് ജോസഫ് പെനാൽറ്രി നഷ്ടമാക്കിയ മത്സരത്തിൽ 70 മിനിട്ട് വരെ പിന്നിൽ നിന്ന ശേഷമാണ് ഗോകുലം സമനില പിടിച്ചെടുത്തത്. പെനാൽറ്രി നഷ്ടമാക്കിയെങ്കിലും മാർകസ് തന്നെയാണ് ഗോകുലത്തിന് സമനില സമ്മാനിച്ച ഗോൾ നേടിയത്. ഐസ്വാളിനായി അബ്ദുല്ല കനോട്ടും ഗോൾ നേടി. ജോസഫ് അഡ് ജേയ് ചുവപ്പുകാർഡ് കണ്ട് പുറത്തായതിനെ പത്ത് പേരായി ചുരുങ്ങിയിട്ടും ഐസ്വാൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ഗോകുലത്തിന്റെ പ്രതിരോധ പിഴവ് മുതലെടുത്ത് ഒന്നാന്തരം വലംകാൽ ഷോട്ടിലൂടെ 14-ാം മിനിട്ടിൽത്തന്നെ കനോട്ട് ഗോകുലത്തിന്റെ വല കുലുക്കി.

കളിയുടെ ഗതിക്ക് എതിരായി ഗോൾ വഴങ്ങിയതോടെ ഗോകുലം ആക്രമണം ശക്തമാക്കി. വലതു വിംഗിലൂടെയുള്ള നഥാനിയേൽ ഗാർഷ്യയുടെെ മുന്നേറ്റം പപ്പോഴും ഗോളിന് അടുത്ത് വരെ എത്തി. 20 -ാം മിനിട്ടിൽ വലതു വിങ്ങിലൂടെ മുന്നേറിയ ഗാർഷ്യ നൽകിയ ക്രോസ് ഹെൻട്രി കസേക്ക ഗോളിലേക്ക് തിരിച്ചു വിട്ടെങ്കിലും ഐസ്വാളിന്റെ പ്രതിരോധ താരം ജോസഫ് അഡ്ജേയ് കൈകൊണ്ട് തടുത്തു. ഗോകുലത്തിന് ലഭിച്ച പെനാൾട്ടി കിക്ക് എടുത്ത മാർക്കസിന് ഗോളാക്കാനായില്ല. സെബാസ്റ്റ്യന്റ റീബൗണ്ടും ലക്ഷ്യം കണ്ടില്ല. 70 -ാം മിനിട്ടിലാണ് മാർക്കസ് ജോസഫിന്റെ ഗോളിലൂടെ ഗോകുലം സമനില പിടിച്ചത്. പകരക്കാരൻ ആയി ഇറങ്ങിയ സൽമാൻ ഇടതു വിങ്ങിൽ നിന്ന് നൽകിയ ക്രോസ് മാർക്കസ് കൃത്യതയാർന്ന ഷോട്ടിലൂടെ ഗോളാക്കുകയായിരുന്നു. തുടർന്നും മാർക്കസ് ജോസഫും ഹെൻട്രി കിസേക്കയും നിരന്തരം ഐസ്വാൾ ഗോൾമുഖം ലക്ഷ്യമാക്കി ആക്രമണം അഴിച്ചു വിട്ടെങ്കിലും ഗോളി വിലങ്ങ് തടിയായി. നാല് കളികളിൽ നിന്ന് ഏഴ് പോയിന്റോടെ പോയന്റ് പട്ടികയിൽ ആറാമതാണ് ഗോകുലം മറ്റ് ടീമുകളേക്കാൾ കുറവ് മത്സരം കളിച്ചതിന്റെ ആശ്വാസം ഗോകുലത്തിനുണ്ട്