img202001
മുക്കത്ത് ലോട്ടറി കടകളിൽ പൊലീസ് നടത്തിയ റെയ്ഡ്

മുക്കം: സംസ്ഥാന ലോട്ടറിക്ക് ഭീഷണിയായി തഴച്ചുവളരുന്ന ഒറ്റയക്ക ലോട്ടറിക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. ശനിയാഴ്ച മുക്കത്ത് നടത്തിയ റെയ്ഡിൽ രണ്ടുപേർ അറസ്റ്റിലായി. മുക്കം കടവ് പാലത്തിനടുത്തുള്ള വൈ ബ്രിഡ്ജ് ലോട്ടറി, അങ്ങാടിയിലെ ആലിൻചുവട്ടിലുള്ള കെ ആർ ലോട്ടറി എന്നിവിടങ്ങളിൽ റെയ്ഡ് നടത്തി 31055 രൂപ പിടിച്ചെടുക്കുകയും ചെയ്തു. ബബിൻ, ചന്ദ്രൻ നായർ എന്നിവരെ അറസ്റ്റു ചെയ്തു.ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. മുക്കത്തും പരിസരപ്രദേശങ്ങളിലും ഒറ്റയക്കലോട്ടറി വില്പന തകൃതിയാണ് . കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി കെ ജി സൈമണ് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുക്കം ഇൻസ്പെക്ടർ എൻ സി സന്തോഷിന്റ നിർദ്ദേശപ്രകാരം എസ് ഐ വി കെ റസാഖ്,എസ് ഐ സലീം മുട്ടത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ സ്വപ്ന, സിഞ്ചിത്ത് പിലാശ്ശേരി, സനീഷ്, അജീഷ്, ബിജു, ഷൈജു, എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.