വടകര: നഗരത്തിലെ ഹോട്ടലുകളില്‍ ഊണ്‍ വില കുത്തനെ ഉയര്‍ത്തിയ നടപടി പിന്‍വലിക്കണമെന്ന് താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു. 40 രൂപയില്‍ നിന്ന് 50 രൂപയായിട്ടാണ് വര്‍ധിപ്പിച്ചത്. വില കുറയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിവില്‍ സപ്ലൈസ് ,ഫുഡ് സേഫ്റ്റി വിഭാഗം , ലീഗല്‍ മെട്രോളജി വകുപ്പ്, മുന്‍സിപ്പല്‍ ആരോഗ്യ വിഭാഗം , വികസന സമിതി അംഗങ്ങള്‍ , വ്യാപാര സംഘടനകള്‍ എന്നിവരുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചു . കോഴിക്കോട് , തലശ്ശേരി പട്ടണങ്ങളില്‍ ഊണ്‍ വില 40 രൂപ മാത്രമാണെന്നിരിക്കെ യാതൊരു മാനദണ്ഡവും പാലിക്കാതെ ഉയര്‍ത്തിയ ഊണ്‍ വില കുറയ്ക്കണമെന്ന് സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. നേരത്തെ ഈ കാര്യത്തില്‍ താലൂക്ക് ഭരണകൂടം വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായില്ല. ദുര്‍ഗന്ധത്തെ തുടര്‍ന്ന് ജനജീവിതം ദുസഹമായ അരയാക്കി തോട്, ഒ.വി തോട്, കോതി തോട് പരിസര വാസികളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുന്നത് നീണ്ടു പോകുന്നതില്‍ നാട്ടുകാര്‍ വികസന സമിതിയില്‍ പരാതിയുമായി എത്തി. ഈ കാര്യത്തില്‍ ഉടന്‍ യോഗം വിളിക്കുമെന്ന് തഹസില്‍ദാര്‍ കെ.കെ. രവീന്ദ്രന്‍ പറഞ്ഞു. ഒ.വി തോടിലേക്ക് മാലിന്യം ഒഴുക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ചുവരുന്നതായി നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. ദേശീയ പാതയില്‍ അപകട മേഘലയായ വടക്കെ മുക്കാളി ജംഗ്ഷനില്‍ സൈന്‍ ബോര്‍ഡ് സ്ഥാപിക്കുമെന്ന് ദേശീയ പാത പൊതുമരാമത്ത് വിഭാഗം അധികൃതര്‍ വ്യക്തമാക്കി . നടക്കുതാഴ കനാലില്‍ വെള്ളം എത്തിക്കണമെന്നും ആവശ്യപ്പെട്ടു. സമിതി അംഗം പുറന്തോടത്ത് സുകുമാരന്‍ അധ്യക്ഷനായി. പ്രദീപ് ചോമ്പാല , പി.എം അശോകന്‍ , ബാബു ഒഞ്ചിയം, പി.എം. മുസ്തഫ എന്നിവർ സംസാരിച്ചു.