പയ്യോളി: ഇരിങ്ങൽ സർഗാലയ കരകൗശലമേളയിൽ വേറിട്ടൊരു കാഴ്ച്ച. മീൻ ചന്തകളിൽ നിന്ന് വലിച്ചെറിയുന്ന മീനിന്റെ അവശിഷ്ടങ്ങൾ വരുമാനമാർഗമാക്കുകയാണ് കന്യാകുമാരി സ്വദേശി ആർ. എസ്. ബിനു. മീനിന്റെ തൊലി, ചെതുമ്പൽ, വാൽ, മുള്ള്, എന്നിവയെല്ലാം ബിനുവിന്റെ കര സ്പർശത്താൽ റോസാപ്പൂക്കളും, കമ്മലും, മാലകളും, എല്ലാം ആയി മാറും. ബിനു തയാറാക്കിയ റോസാപ്പൂക്കളുടെ ഇതളുകൾ ചെതുമ്പലുകൾ ആണ്. മാല, കമ്മലുകൾ, പൂക്കൾ, ഫ്ലവർ വെയ്സ്, പേന, പെൻസിൽ, പിന്നെ ചെറു ശില്പങ്ങൾ എന്നിവയെല്ലാം മത്സ്യ അവശിഷ്ടങ്ങളാണ്. 12 വർഷങ്ങൾക്ക് മുൻപാണ് മീൻചന്തകളിൽ നിന്ന് അവശിഷ്ടങ്ങൾ ശേഖരിച്ച് തുടങ്ങിയത്.

അതിനുമുൻപ് കക്കകളും ചിപ്പികളും ഉപയോഗിച്ചായിരുന്നു കരകൗശലവസ്തുക്കൾ നിർമ്മിച്ചിരുന്നത്. കൊക്കിന്റെ ശിൽപ്പത്തെ കണ്ണ് യഥാർത്ഥ മീൻ കണ്ണു തന്നെയാണ്. പ്രത്യേക രാസ മിശ്രിതം ഉപയോഗിച്ച് വൃത്തിയാക്കി എടുക്കുന്നതിനാൽ ദുർഗന്ധം ഒന്നും ഉണ്ടാവുകയില്ല, വലിച്ചെറിഞ്ഞാലും പൊട്ടുകയില്ല. കത്രികയും പശയും മാത്രമാണ് ശില്പ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. പെയിന്റിങ് വാൾ നോക്കി ആ ചിത്രങ്ങളെല്ലാം മീൻ മുള്ളും, തൊലിയും, തൂവലും ഉപയോഗിച്ച് തയ്യാറാക്കാറുണ്ട്. പെൺകുട്ടിയുടെ ചിത്രവും ശില്പങ്ങളും എല്ലാം അക്കൂട്ടത്തിലുണ്ട്. ശില്പങ്ങൾക് എല്ലാം കരകൗശല മേളകളിൽ ആവശ്യക്കാരേറെയാണ്. 50 വർഷത്തോളം കേടുകൂടാതെ ഇരിക്കും എന്ന് ബിനു പറയുന്നു. അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ബിനുവിന് 2014 ൽ ഉത്തർപ്രദേശിൽ നടന്ന താജ് മഹോത്സവത്തിൽ മികച്ച ക്രാഫ്റ്റ് മാനായി തിരഞ്ഞെടുത്തിരുന്നു. തമിഴ്നാട് സർക്കാരും പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ വനിതകൾക്ക് കരകൗശല പരിശീലനം നൽകാറുണ്ട്. ആർ.എസ്. ബിനു തയ്യാറാക്കിയ ശില്പങ്ങൾ എല്ലാം തന്നെ ഇപ്പോൾ സർഗാലയ ഇന്റർനാഷണൽആർട്ട് ആൻഡ് ക്രാഫ്റ്റ് ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നുണ്ട്.