കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെ പ്രതിരോധിക്കാൻ ഗൃഹസമ്പർക്കത്തിനെത്തിയ ബി.ജെ.പി നേതാക്കളിൽ നിന്ന് ലഘുലേഖകൾ സ്വീകരിച്ച ഇടതുമുന്നണി എം.എൽ.എയും വിവാദക്കുരുക്കിൽ.

കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖിന്റെ വീട്ടിലെ ഓഫീസിലെത്തിയ ബി.ജെ.പി നേതാക്കൾ ലഘുലേഖകൾ കൈമാറുന്നതിന്റെ ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതാണ് വിവാദമായത്. പൗരത്വ നിയമ ഭേദഗതിക്ക് കാരാട്ട് റസാഖ് അനുകൂലമാണെന്ന വിധത്തിൽ പ്രചരിക്കുകയായിരുന്നു. നേരത്തേ, ഇതുപോലെ വിവാദത്തിൽ വീണ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായിയെ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ പോഷക സംഘടനയുടെ ഔദ്യോഗിക ഭാരവാഹിത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഫോട്ടോയെടുത്ത് തെറ്റായ ആവശ്യത്തിന് ഉപയോഗിച്ചതിന് കേസ് ഫയൽ ചെയ്യുമെന്ന് കാരാട്ട് റസാഖ് എം.എൽ.എ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ നിലപാടുള്ള തന്നെ അപമാനിക്കാനാണ് ചിലർ ശ്രമിച്ചത്. കുറച്ചു പേർ വന്ന് ലഘുലേഖ തന്നപ്പോൾ തന്നെ നിയമ ഭേദഗതിക്കെതിരായി പ്രതികരിച്ചതാണ്. മതേതര രാജ്യമായ ഇന്ത്യയിൽ മതത്തിന്റെ പേരിലുള്ള നിയമ ഭേദഗതി പിൻവലിച്ച് സമാധാനാന്തരീക്ഷം ഉറപ്പാക്കാനാണ് ശ്രമിക്കേണ്ടതെന്നും പറഞ്ഞു. അതെല്ലാം കേട്ട് അവർ തിരിച്ചു പോവുകയായിരുന്നുവെന്നും കാരാട്ട് റസാഖ് വ്യക്തമാക്കി.

ലഘുലേഖയുമായി വീട്ടിലെത്തിയ ബി.ജെ.പി നേതാക്കളെ സ്വീകരിച്ചതിനു പുറമെ ഫോട്ടോയ്ക്കു നിന്നുകൊടുക്കുകയും ചെയ്തുവെന്നാണ് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായിക്കെതിരായ ആരോപണം. ഫോട്ടോ സമൂഹ മാദ്ധ്യമങ്ങളിൽ വന്നതോടെ സമസ്ത ഭാരവാഹികളും ഖാസിമാരും ശക്തമായി രംഗത്ത് വന്നു. വീട്ടിൽ വരുന്നവരോട് ആതിഥ്യ മര്യാദ കാണിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്ന നാസറിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് സസ്പെൻഡ്

ചെയ്തത്.