കോഴിക്കോട്: കോളേജ് വിദ്യാർത്ഥി യൂണിയനുകളിൽ 50 ശതമാനം വനിതാ സംവരണം നടപ്പാക്കുന്നതിന്റെ സാദ്ധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫാറൂഖ് കോളേജിൽ സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്‌സ്, സ്റ്റുഡന്റ് ലീഡേഴ്‌സ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സംരക്ഷണം, ജലസംരക്ഷണം, ദുരന്തനിവാരണം തുടങ്ങിയ വിഷയങ്ങൾക്ക് സ്‌കൂൾ തലം മുതൽ പ്രാധാന്യം നൽകും. ലൈംഗിക വിദ്യാഭ്യാസവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുബോധം വളർത്താൻ സ്‌കൂൾ- കോളേജ് അസംബ്ലികളിൽ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആയിരത്തോളം വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുത്ത കോൺക്ലേവിൽ മന്ത്രി കെ.ടി. ജലീൽ അദ്ധ്യക്ഷനായിരുന്നു. കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ, ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.എം.നസീർ തുടങ്ങിയവർ പങ്കെടുത്തു.
ഇന്റേണൽ മാർക്ക്
ഒഴിവാക്കും
ഇന്റേണൽ മാർക്കിന്റെ പേരിൽ ആരെയും തോല്പിക്കാതിരിക്കാൻ നടപടിയെടുത്തെന്നും ഭാവിയിൽ ഇന്റേണൽ മാർക്ക് തന്നെ ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിക്ക് അവസരമുണ്ടാക്കും. യൂണിവേഴ്‌സിറ്റി ലൈബ്രറികൾ 24 മണിക്കൂറും പ്രവർത്തിപ്പിക്കും. യൂണിവേഴ്‌സിറ്റി പരീക്ഷകൾ യഥാസമയം നടത്തും.