കോഴിക്കോട്: കേന്ദ്രീകൃത മാലിന്യസംസ്‌കരണം സാദ്ധ്യമാകുന്നതോടെ ഞെളിയന്‍ പറമ്പ് പ്ലാന്റിൽ നിന്ന് ആറ് മെഗാവാട്ട് വൈദ്യുതി ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ കോഴിക്കോട് മോഡൽ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും കൂടി നടപ്പാക്കും.

ഞെളിയന്‍ പറമ്പില്‍ വൈദ്യുതി - സംയോജിത മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഞെളിയന്‍ പറമ്പ് പ്ലാന്റിൽ 300 ടണ്‍ മാലിന്യം സംസ്‌കരിക്കാനാവും. ഇവിടെ മലിനജലത്തിന്റെയോ ദുര്‍ഗന്ധത്തിന്റെയോ പ്രശ്നമുണ്ടാവില്ല. കോഴിക്കോടെത്തുന്നവരെ ആകര്‍ഷിക്കുന്ന ഒന്നായി ഈ പ്ലാന്റ് മാറും. ശാസ്ത്രീയ സംസ്‌കരണം ഉറപ്പാക്കുന്ന രീതിയിലാണ് മലബാര്‍ വേസ്റ്റ് മാനേജ്മെന്റ് കമ്പനിയുടെ പ്ലാന്റ് നിര്‍മ്മാണം. ഇതിലൂടെ മാലിന്യപ്രശ്നത്തിനും വലിയൊരു പരിധിവരെ പരിഹാരം കാണാനാവും.

ചടങ്ങില്‍ 800 കോടിയുടെ നിക്ഷേപത്തിനുള്ള സന്നദ്ധത കമ്പനി ഉടമകള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

തദ്ദേശ സ്വയംഭരണ മന്ത്രി എ.സി.മൊയ്തീന്‍ അദ്ധ്യക്ഷത വഹിച്ചു. ഞെളിയന്‍ പറമ്പ് പ്ലാന്റ് ഒന്നര വർഷത്തിനകം യാഥാര്‍ത്ഥ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്.

ചീഫ് സെക്രട്ടറി ടോം ജോസ് ആമുഖപ്രഭാഷണം നടത്തി. വി.കെ.സി.മമ്മദ്കോയ എം.എല്‍.എ, കെ.എസ്.ഇ.ബി ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എന്‍.എസ്. പിളള, ജില്ലാ കളക്ടര്‍ സാംബശിവ റാവു, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, മുനിസിപ്പാലിറ്റി ചെയര്‍മാൻമാരായ കമറു ലൈല (ഫറോക്ക്), വാഴയില്‍ ബാലകൃഷ്ണന്‍ (രാമനാട്ടുകര), അഡ്വ.കെ സത്യന്‍ (കൊയിലാണ്ടി), ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.തങ്കമണി (ഒളവണ്ണ), സി. ലീനക്കുട്ടി (കുന്ദമംഗലം), സി.കെ.അജയകുമാര്‍ (കടലുണ്ടി) തുടങ്ങിയവർ സംബന്ധിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സ്വാഗതവും സെക്രട്ടറി ബിനു ഫ്രാന്‍സിസ് നന്ദിയും പറഞ്ഞു.