മാനന്തവാടി: എടവക പഞ്ചായത്തിലെ കൃഷിയിടങ്ങളും കിണറുകളുമെല്ലാം ജല സമൃദ്ധമാകുന്ന ബൃഹത് പദ്ധതിക്ക് തുടക്കമായി. സംസ്ഥാന ജലസേചന വകുപ്പ് അനുവദിച്ച ഒരു കോടി 35 ലക്ഷം രൂപ ഉപയോഗിച്ചാണ് പഞ്ചായത്തിലെ അഗ്രഹാരത്ത് ജലം സംഭരിച്ച് നിർത്തുന്നതിനുള്ള ചെക്ക് ഡാം നിർമ്മിക്കുന്നത്.

പായോട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി കൂടിയാണ് നിർമ്മാണം. കാക്കഞ്ചേരി മുതൽ ഒരപ്പ് പാലത്തിന് സമീപം വരെയുള്ള അഞ്ചര കീ മീ ദൂരം വെള്ളം സംഭരിച്ച് നിർത്താനാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. നിലവിലെ ജലനിരപ്പിൽ നിന്ന് 1.3 മീറ്റർ ഉയരത്തിലാണ് തടയണ നിർമ്മിക്കുക.തടയണ യഥാർത്ഥ്യമാകുന്നതോടെ ഏകദേശം നിലവിലേതുൾപ്പെടെ 5 ലക്ഷം ക്യുബിക് മീറ്റർ വെള്ളം സംഭരിക്കാൻ കഴിയും.

പദ്ധതി പഞ്ചായത്തിലെ ജനങ്ങൾക്ക് പ്രത്യേകിച്ച് കർഷകർക്ക് ഏറെ ഗുണകരമായി മാറുമെന്ന് പ്രസിഡന്റ് ഉഷാ വിജയൻ പറഞ്ഞു. പ്രവർത്തികൾ പൂർത്തീകരിക്കുന്നതോടെ ഏകദേശം 750 ഏക്കർ കൃഷിയിടങ്ങളിൽ വെള്ളം എത്തിക്കാൻ കഴിയുന്നതോടൊപ്പം കരസ്ഥലങ്ങളിൽ ജല ലഭ്യത ഉറപ്പാക്കാൻ കഴിയുകയും കിണറുകളിലും മറ്റും ജലനിരപ്പ് ഉയരുന്നതിനും ഇടയാക്കും.ഇത് നൂറുകണക്കിന് കുടുംബങ്ങൾക്കും ഉപകാരപ്രദമാകും.

ചെറുപുഴ പാലത്തിന് സമീപം വരെ തടയണയിൽ നിന്നുള്ള വെള്ളം എത്തിക്കാൻ കഴിയുമെന്നതിനാൽ മാനന്തവാടി നഗരസഭയിലും പദ്ധതിയുടെ ഗുണം ലഭിക്കും. അഗ്രഹാരത്ത് പ്രവർത്തനം നിലച്ച് കിടക്കുന്ന പമ്പ് ഹൗസും ഇതൊടൊപ്പം പ്രവർത്തനം സജ്ജമാകും. അടുത്ത കാലവർഷത്തിന് മുമ്പ് പ്രവർത്തികൾ പൂർത്തീകരിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.എടവക പഞ്ചായത്തിലെ കാർഷിക മേഖലയിലെ വൻകുതിച്ച് ചാട്ടത്തിന് പദ്ധതി സഹായകരമായി തീരുമെന്നാണ് പ്രതീക്ഷ.