വടകര: അഴിയൂർ ഗ്രാമ പഞ്ചായത്തിലെ കോറോത്ത് റോഡിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സി.പി.എം-ബി.ജെ.പി സംഘർഷത്തിന് ശമനമായില്ല. അക്രമം വീണ്ടും വ്യാപിക്കുകയാണ്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ ആരംഭിച്ച അക്രമ പരമ്പര തിങ്കളാഴ്ച പുലർച്ചെവരെ നീണ്ടുനിന്നു. അക്രമത്തിൽ ബി.ജെ.പി സംസ്ഥാന സമിതി അംഗം പി.എം. അശോകൻ, ബി.ജെ.പി.പ്രവർത്തകരായ മനോജ് കോവുമ്മൽ, കുഞ്ഞിപ്പള്ളി താഴ അജയൻ, കല്ലാമല ഗോപികയിൽ രാജേഷ്, കല്ലാമല സരിഗയിൽ രതീഷ്, സി.പി.എം അഴിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി മൈതാനി പറമ്പത്ത് ബാബു,സി.പി.എം പ്രവർത്തകൻ ആവിക്കരയിൽ പടിഞ്ഞാറെ രാമത്ത് ശ്രീധരൻ എന്നിവരുടെ വീടുകളാണ് തകർത്തത്. പി.എം.അശോകന്റെ വീടിനു നേരെ ബോംബേറും ഉണ്ടായി. ഇരു പാർട്ടി പ്രവർത്തകരുടെയും വീട്ടു മുറ്റത്ത് നിർത്തിയിട്ട പതിനാറോളം വാഹനങ്ങളും തകർത്തു. സി.പി.എം.കുഞ്ഞിപ്പള്ളി താഴ ബ്രാഞ്ച് കമ്മറ്റി ഓഫീസ് എറിഞ്ഞ് തകർത്തു. കോറോത്ത് റോഡിൽ നിന്നും തുടങ്ങിയ അക്രമ പരമ്പര പിന്നീട് പഞ്ചായത്തിലെ മറ്റു പ്രദേശങ്ങളായ കുഞ്ഞിപ്പള്ളി താഴ, ആവിക്കര,കല്ലാമല എന്നിവിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. അക്രമ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ചോമ്പാൽ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവ സ്ഥലം ബി.ജെ പി ജില്ലാ പ്രസിഡൻറ് ടി.പി ജയചന്ദ്രൻ , സി.പി.എം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി പി ബിനീഷ് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല, കോൺഗ്രസ് ബ്ളോക്ക് പ്രസിഡഡന്റ് സി . വിശ്വനാഥൻ കെ, യു.ഡി. എഫ് അഴിയൂർ മണ്ഡലം നേതാക്കളായ പി.ബാബുരാജ്, വി.കെ അനിൽ കുമാർ എന്നിവർ സന്ദർശിച്ചു