കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലമലയിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് ജില്ലയിലെ ഹയർസെക്കണ്ടറി സ്‌കൂൾ നാഷണൽ സർവ്വീസ് സ്‌കീം വളണ്ടിയർമാരുടെ നേതൃത്വത്തിൽ നിർമ്മിച്ച സ്നേഹ സദനങ്ങളുടെ സമർപണം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് നിർവ്വഹിച്ചു.
വീട് നിർമ്മിച്ചു നൽകുന്നതിലൂടെ കൂടെ പഠിക്കുന്നവരുടെ വേദന തിരിച്ചറിയാനും സാമൂഹ്യ അസമത്വങ്ങളെക്കുറിച്ചു മനസ്സിലാക്കാനും സാധിക്കുന്ന യഥാർത്ഥ വിദ്യാഭ്യാസ പ്രവർത്തനമാണ് എൻ.എസ്.എസ് നടത്തി കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ എൻ.എസ്.എസ് 139 എൻ.എസ്എസ് യൂണിറ്റുകളുടെ സഹകരണത്തോടെയാണ് കട്ടിപ്പാറ ചെമ്പ്രകുണ്ട് കനിവ് ഗ്രാമത്തിൽ രണ്ട് വീടുകൾ നിർമ്മിച്ച് നൽകിയത്.
കാരാട്ട് റസാഖ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എൻഎസ്എസ് സംസ്ഥാന കോർഡിനേറ്റർ ഡോ. ജേക്കബ് ജോൺ മുഖ്യപ്രഭാഷണം നടത്തി. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിധീഷ് കല്ലുള്ളതോട് ജില്ലയിലെ എൻ.എസ്.എസ് യൂണിറ്റുകൾ സമാഹരിച്ച വീട്ടുപകരണങ്ങൾ ഏറ്റുവാങ്ങി. ആർ.ഡി.ഡി ഗോകുലകൃഷ്ണൻ, എൻ.എസ്എസ് റീജിയണൽ പ്രോഗ്രാം കൺവീനർ മനോജ് കണിച്ചുകുളങ്ങര, താമരശ്ശേരി തഹസിൽദാർ സി.മുഹമ്മദ് റഫീഖ്, ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.പി മുഹമ്മദ് ഷാഹിം, കനിവ് ട്രസ്റ്റ് ചെയർമാർ വി.പി ബഷീർ, ഹെൽത്
കെയർ ഫൗണ്ടേഷൻ സെക്രട്ടറി കെ. എ ഷമീർ ബാവ, എം.ക്യു. ഫൈസൽ എന്നിവർ സംസാരിച്ചു. എൻഎസ്എസ് ജില്ല കോ ഓർഡിനേറ്റർ എസ്. ശ്രീചിത്ത്, എം.സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.