കൽപ്പറ്റ: ജില്ലാ കോൺഗ്രസ് കമ്മിറ്റിയിലെ ഗ്രൂപ്പിസത്തിനെതിരെ മുട്ടിലിഴഞ്ഞ് കോൺഗ്രസ് പ്രവർത്തകന്റെ പ്രതിഷേധം. കമ്പളക്കാട് ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും കണിയാമ്പറ്റ പഞ്ചായത്ത് 50ാം ബൂത്ത് പ്രസിഡന്റുമായ അഷ്റഫ് പഞ്ചാരയാണ് കോൺഗ്രസിലെ ഗ്രൂപ്പ്, ഉപഗ്രൂപ്പ് പ്രവർത്തനങ്ങൾ കോണഗ്രസിനെ നശിപ്പിക്കുകയാണെന്ന് ആരോപിച്ച് കൽപ്പറ്റ ടൗണിലൂടെ മുട്ടിലിഴഞ്ഞ് ഡി.സി.സി ഓഫിസിലേക്ക് നിവേദനവുമായി എത്തിയത്.

ഉച്ചക്ക് ഒന്നിന് വിജയ പമ്പ് പരിസരത്ത് നിന്നാണ് അഷ്റഫിന്റെ പ്രതിഷേധ പ്രകടനം ആരംഭിച്ചത്. രാജ്യത്ത് കോൺഗ്രസ് ഏറ്റവും കൂടുതൽ പ്രാധാന്യമർഹിക്കുന്ന സമയത്താണ് ജില്ലയിലെ ഗ്രൂപ്പുകളി കോൺഗ്രസിനെ ഇല്ലാതാക്കുന്നതെന്ന് അഷ്റഫ് പറയുന്നു. തരുവണ, വെള്ളമുണ്ട, സുൽത്താൻ ബത്തേരി സഹകരണ ബാങ്കുകളിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എങ്ങുമെത്താതെ പോയത് ഇതുകാരണമാണെന്നും, കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മുതിർന്ന നേതാവായ രാജേന്ദ്രപ്രസാദിനെ പുറത്താക്കാൻ കാരണം ഗ്രൂപ്പുകളിയാണെന്നും അഷ്റഫ് ആരോപിക്കുന്നു. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ സാധാരണ പ്രവർത്തകർക്കെല്ലാം അമർഷമുണ്ട്. എന്നാൽ പ്രതികരിച്ചാൽ പാർട്ടി നടപടി നേരിടേണ്ടി വരുമോയെന്ന ആശങ്കയാണ് പലർക്കും.

തനിക്കെതിരെ നടപടിയുണ്ടായാലും വിഷയമല്ല. ഒരു രക്തസാക്ഷി ഈ വിഷയത്തിൽ ഉണ്ടാകുന്നത് ജില്ലയിലെ മുതിർന്ന നേതാക്കളുടെ കണ്ണ് തുറപ്പിക്കുമെന്നാണ് വിശ്വസിക്കുന്നത്. ഒപ്പം ജില്ലയിലെ ജീർണിച്ച ഗ്രൂപ്പിസത്തിന് അറുതി വരുമെന്നും പ്രതീക്ഷയുണ്ട്. ഇതിനായാണ് തന്റെ പോരാട്ടം. പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ തുടർന്നും പ്രതിഷേധ പരിപാടികളുമായി താൻ മുന്നോട്ട് പോകുമെന്ന് പ്രതിഷേധ സമരത്തിന് മുമ്പായി നടത്തിയ വാർത്താസമ്മേളനത്തിൽ അഷ്റഫ് പഞ്ചാര വ്യക്തമാക്കി. കണിയാമ്പറ്റ പഞ്ചായത്തിൽ ചിലരുടെ പിൻസീറ്റ് ഡ്രൈവിംഗ് നടക്കാത്തതിനാലാണ് രാജേന്ദ്ര പ്രസാദിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയതെന്നും അഷ്റഫ് പഞ്ചാര ആരോപിച്ചു.