@ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ട്രാൻസ്ജെന്റേഴ്സ്
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ട്രാൻസ്ജെന്റർ ഷാലു കൊല്ലപ്പെട്ടിട്ട് മാസങ്ങളായിട്ടും കൊലപാതകിയെ പിടികൂടാത്തതിനെതിരെ ട്രാൻസ്ജെന്റേഴ്സ് പ്രക്ഷോഭത്തിലേക്ക്.
കഴിഞ്ഞ ഏപ്രിൽ ഒന്നിന് രാത്രിയാണ് കോഴിക്കോട് കെ.എസ്.ആർ.ടിസി ബസ് ടെർമിനലിന് സമീപം ഷാലുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടതൊഴിച്ചാൽ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
നടക്കാവ് പൊലീസാണ് കേസന്വേഷിക്കുന്നത്. നിരവധി പേരെ ചോദ്യം ചെയ്തിട്ടും കൊലപാതകിയുടെ ദൃശ്യം ലഭിച്ചിച്ചും പിടികൂടാൻ സാധിക്കാത്തത് പൊലീസിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഷാലുവിന്റെ സുഹൃത്തുക്കളെ ഉൾപ്പെടെ ചോദ്യം ചെയ്തിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഇതിനിടെ നടന്നു.
തന്നെ ആക്രമിക്കാൻ സാദ്ധ്യതയുണ്ടെന്ന് കൊലപാതകത്തിന് തലേദിവസം ഷാലു സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സംശയമുള്ളവരുടെ പേരുകളടക്കമുള്ള വിശദാംശങ്ങൾ സുഹൃത്തുക്കൾ അന്വേഷണ സംഘത്തിന് നൽകിയിരുന്നു. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും വിവിധ ട്രാൻസ്ജെന്‍റർ സംഘടനകൾ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ പുരോഗതി ഉണ്ടായിട്ടില്ല.
@ ട്രാൻസ്ജെന്റേഴ്ലിന്റെ കൊലപാതകങ്ങളിൽ അന്വേഷണം കാര്യക്ഷമല്ല
ഷാലുവിന്റെതുൾപ്പെടെയുള്ള ട്രാൻസ്ജെന്റേഴ്സിന്റെ കൊലപാതക കേസുകളിൽ കൊലപാതകികളെ പിടികൂടാത്തത് ആശങ്ക ഉണ്ടാക്കുന്നതായി ട്രാൻജെന്റേഴിസിന്റെ സാമൂഹിക സംഘടനയായ പുനർജനി കൾച്ചറൽ സൊസൈറ്റിയുടെ പ്രസിഡന്റ് സിസിലി ജോർജ് പറഞ്ഞു. ആലുവയിൽ നടന്ന ഗൗരിയുടെ കൊലപാതകം, തൃശൂരിലെ അനിലിന്റെ കൊലപാതകം, ഈ കേസുകളിലൊന്നും കൊലപാതകികളെ പിടികൂടാൻ സാധിച്ചിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തും. സമൂഹം അംഗീകരിക്കാൻ തയ്യാറാകുന്നുണ്ടെങ്കിലും പേടിച്ച് ജീവിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുമുള്ളതെന്ന് അവർ പറഞ്ഞു. ട്രാൻസ്ജെന്റേഴ്സിനെ ആക്രമിക്കാൻ മാത്രമായി ലക്ഷ്യമിട്ടിറങ്ങുന്നവർ ഉണ്ടെന്ന് അവർ പറഞ്ഞു. ഷാലുവിന്റെ കൊലപാതകികളെ പിടികൂടണം എന്നാവശ്യപ്പെട്ട് നേരത്തെ വലിയ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നെന്നും അവർ പറഞ്ഞു.