കൽപ്പറ്റ: തലപ്പുഴ പൊലീസ് സ്റ്റേഷനിൽ പ്രാദേശിക പ്രശ്നങ്ങൾ സംസാരിക്കുവാൻ എത്തിയ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ജി ബിജുവിനും മണ്ഡലം പ്രസിഡന്റിനുമെതിരെ ജാമ്യമില്ലാ വകുപ്പിൽ എടുത്ത കള്ളക്കേസുകൾ പിൻവലിക്കണമെന്നും, തലപ്പുഴ എസ്.ഐ പി.ജെ ജിമ്മിയെ ഉടൻ സസ്‌പെൻഡ് ചെയ്യണമെന്നും ഡി.സി.സി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പരാതിക്കാരനായ എസ് എച്ച് ഒ തന്നെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാവോയിസ്റ്റ് ഭീഷണിയുള്ള പൊലീസ് സ്റ്റേഷനായ തലപ്പുഴയിൽ ആർക്കും അതിക്രമിച്ച് കയറാനാകില്ല. 30 ഓളം പൊലീസുകാരും, മാവോയിസ്റ്റ് വിരുദ്ധ സ്റ്റേഷനിലെ അംഗങ്ങളും നോക്കി നിൽക്കെ രണ്ട് പൊതുപ്രവർത്തകർ എസ്.ഐയെ ആക്രമിച്ച് പരിക്കേൽപ്പിച്ചിട്ട് അവരെ അറസ്റ്റ് ചെയ്യാതെ വിട്ടു എന്ന് പറയുമ്പോൾ ഇതിലെ കള്ളത്തരം വ്യക്തമാണ്. ഈ ഓഫീസറെ കുറിച്ച് നിരവധി പരാതികളാണുള്ളത്. അകാരണമായി മർദ്ദിച്ചതിന് നൽകിയ പരാതിയിൽ കേസെടുക്കാത്തതിനാൽ മനോജ് ജോസഫ് എന്നയാൾ മാനന്തവാടി മുൻസിപ്പൽ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തിരിക്കുകയാണ്. മാനന്തവാടി എ എസ് പി ഇയാൾക്കെതിരെ വിവിധ പരാതികളിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. കള്ളക്കേസ് പിൻവലിച്ചില്ലെങ്കിൽ ഡി.സി.സി തുടർപ്രക്ഷോഭ പരിപാടികൾ നടത്തും.
ഡി.സി.സി ജനറൽ ബോഡി യോഗം മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.സി റോസക്കുട്ടി, പി.വി ബാലചന്ദ്രൻ, കെ. എൽ പൗലോസ്, പി.കെ ജയലക്ഷ്മി, പി.പി ആലി, കെ.കെ അബ്രാഹം, വി.എ മജീദ്, കെ.വി പോക്കർ ഹാജി, കെ.കെ വിശ്വനാഥൻ, എ. പ്രഭാകരൻ, മംഗലശ്ശേരി മാധവൻ, തുടങ്ങിയവർ സംസാരിച്ചു.