കോഴിക്കോട് : ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി കാമ്പസിൽ കഴിഞ്ഞ ദിവസം ഉണ്ടായ എ.ബി.വി.പി-ആർ.എസ്.എസ് അക്രമത്തെ കുറിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തണമെന്നും വൈസ് ചാൻസിലർ എം. ജഗദീഷ് കുമാർ ഉടൻ രാജിവെക്കണമെന്നും ജെ.എൻ.യു സ്റ്റുഡന്റ്സ് യൂണിയൻ മുൻ പ്രസിഡന്റ് എൻ. സായി ബാലാജി കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഭീകരമായ അക്രമമാണ് ജെ.എൻ.യുവിൽ നടന്നത്. നാൽപതോളം വരുന്ന സംഘം കാമ്പസിലെത്തി കുട്ടികളെ അക്രമിക്കുകയായിരുന്നു. ഇരുമ്പു ദണ്ഡുകളും വടികളുമായി എത്തിയ അക്രമി സംഘത്തോടൊപ്പം കോളേജിലെ എ.ബി.വി.പിക്കാരും ഇവരെ പിന്തുണക്കുന്ന അദ്ധ്യാപകരും ചേർന്നു.
ജെ.എൻ.യു മുൻ എ.ബി.വി.പി പ്രസിഡന്റായിരുന്ന സതീന്ദർ ആവാനയുടെ നേതൃത്വത്തിലായിരുന്നു അക്രമം. മുഖം മറച്ച അക്രമി സംഘം അക്ഷരാർത്ഥത്തിൽ അഴിഞ്ഞാടുകയായിരുന്നു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയുണ്ടായി. യൂണിവേഴ്സിറ്റി സ്റ്റിയുഡന്റ് യൂണിയൻ പ്രസിഡന്റ് അയ്ഷെ ഘോഷിന് തലക്കു ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ 18 വിദ്യാർത്ഥികളെയാണ് എയിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.
അക്രമികൾ അഴിഞ്ഞാടുമ്പോഴും പൊലീസ് കാഴ്ചക്കാരായി നോക്കി നിൽക്കുകയായിരുന്നുവെന്ന് സായി ബാലാജി പറഞ്ഞു. യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി ജഗദീഷ് കുമാർ ചാർജ്ജെടുത്തത് മുതൽ കാമ്പസ് സഘർഷങ്ങളുടെ നിഴലിലാണ്. എ.ബി.വി.പിക്കും അവരെ പിന്തുണക്കുന്ന ആർ.എസ്.എസിനും അനുകൂലമായ തീരുമാനങ്ങളാണ് വി.സിയിൽ നിന്ന് തുടർച്ചയായി ഉണ്ടാവുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ജനുവരി 20 ന് യംഗ് ഇന്ത്യ എഗെയിൻസ്റ്റ് സി.എ.എ-എൻ.ആർ.സി, എൻ.പി.ആർ.കോ-ഓർഡിനേഷന്റെ ആഭിമുഖ്യത്തിൽ ഡൽഹി, മുംബൈ, കോഴിക്കോട്, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് യംഗ് ഇന്ത്യ എഗെയിൻസ്റ്റ് സി.എ.എ-എൻ.ആർ.സി, എൻ.പി.ആർ കോ-ഓർഡിനേഷനു വേണ്ടി എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫലിയും സായ് ബാലാജിയും പറഞ്ഞു . പത്ത് ലക്ഷം ഒപ്പുകൾ ശേഖരിക്കാനും കോളേജുകൾ കേന്ദ്രീകരിച്ച് സെമിനാറുകൾ സംഘടിപ്പിക്കാനും യംഗ് ഇന്ത്യ നേതൃത്വം നൽകും ഇന്ത്യയിലെ നൂറോളം വിദ്യാർത്ഥി സംഘടനകൾ ഉൾപ്പെട്ട കോ-ഓർഡിനേഷനാണ് ഇത്.