പുൽപ്പള്ളി: പുൽപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിലെ വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ട് 7.28 കോടി രൂപ ഈടാക്കാൻ സഹകരണ വകുപ്പ് നടപടി ആരംഭിച്ചു. ഉത്തരവാദികളായ 15 ഓളം പേരിൽ നിന്നാണ് തുക ഈടാക്കുന്നത്.

മുൻ ഭരണസമിതി, അംഗങ്ങൾ, സെക്രട്ടറി, ഇന്റേണൽ ഓഡിറ്റർ എന്നിവരിൽ നിന്ന് തുക ഈടാക്കുന്നതിന് മുന്നോടിയായി സഹകരണ വകുപ്പ് ഇതുമായി ബന്ധപ്പെട്ടവർക്ക് സർചാർജ്ജ് നോട്ടീസ് നൽകി.

2016-17 സാമ്പത്തിക വർഷം വായ്പാ വിതരണത്തിൽ ഭരണസമിതിയിൽ ഉൾപ്പെട്ടവരും ചില ജീവനക്കാരും ഗുരുതര ക്രമക്കേടുകൾ നടത്തിയെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.തുടർന്ന് ബാങ്ക് ഭരണസമിതി പിരിച്ചുവിടുകയും ചെയ്തു. നഷ്ടത്തിന് ഉത്തരവാദികളായ ഓരോരുത്തരുടെയും ബാധ്യത പ്രത്യേകമായി തിട്ടപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകുകയായിരുന്നു.

വായ്പാ ക്രമക്കേട് ഇനത്തിൽ ഈടാക്കേണ്ട തുകയും പ്രോപ്പർട്ടി ഇൻസ്‌പെക്ഷൻ ഫീസിനത്തിൽ ഈടാക്കേണ്ട തുകയും ഉൾപ്പെടെ മുൻ ബാങ്ക് പ്രസിഡന്റ് കെ.കെ. അബ്രഹാം 62,57,822 രൂപ, ഡയറക്ടർമാരായിരുന്ന വി.എം പൗലോസ് 61,01397 രൂപ, സുജാത 61,20597 രൂപ, ബിന്ദു 5940981 രൂപ, ഉലഹന്നാൻ 5792995 രൂപ, മണി പാമ്പനാൽ 5930980 രൂപ, മുകുന്ദൻ 5860007 രൂപ, ഫിലോമിന 5930980 രൂപ, വേലായുധൻ 6128196 രൂപ, കുര്യൻ 5930980 രൂപ, സണ്ണി 429756 രൂപ, ദിലീപ് കുമാർ 170416 രൂപ, കേശവൻ 170416 രൂപ, സെക്രട്ടറിയായിരുന്ന രമാദേവി 6064799 രൂപ, മുൻ ഇന്റേണൽ ഓഫീസർ പി.യു തോമസ് 6064799 രൂപ എന്നിങ്ങനെ ബാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് വിശദീകരണം ബോധിപ്പിക്കാനുണ്ടെങ്കിൽ ഈ മാസം 10ന് രാവിലെ ജില്ലാ ജോയിന്റ് രജിസ്ട്രാർക്ക് മുൻപാകെ നേരിട്ടോ രേഖാമൂലമോ ബോധ്യപ്പെടുത്താമെന്നും നോട്ടീസിൽ പറയുന്നു.
പണയ ഈട് വസ്തുവിന് അധിക വില കാണിച്ചും ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്തുള്ള വസ്തു ഈടായി സ്വീകരിച്ച് രജിസ്റ്റർ ചെയ്യാത്ത മുക്ത്യാറിൻമേൽ ഏജന്റിന് വായ്പ അനുവദിച്ചു എന്നുമാണ് കണ്ടെത്തിയത്. അധികാര ദുർവിനിയോഗവും അഴിമതിയും നടത്തിയതിലൂടെ ബാങ്കിന് 7,28,95,121 രൂപ നഷ്ടം ഉണ്ടായെന്നാണ് സഹകരണ വകുപ്പ് കണക്കാക്കിയിരിക്കുന്നത്. ഈ തുക ഭരണസമിതിയിൽ അംഗങ്ങളായിരുന്നവരും ആരോപണ വിധേയരായ ജീവനക്കാരും അടയ്ക്കണമെന്നും അല്ലാത്ത പക്ഷം സ്ഥാവര ജഗമ വസ്തുക്കളിൽ നിന്ന് വസൂലാക്കുമെന്നുമാണ് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ നൽകിയ നോട്ടീസിൽ പറയുന്നത്.

രാഷ്ട്രീയ പ്രേരിതമെന്ന് മുൻ പ്രസിഡന്റ്

പുൽപ്പള്ളി: സഹകരണ ബാങ്ക് മുൻ ഭരണ സമിതിക്കെതിരെയുള്ള നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ പ്രസിഡന്റ് കെ.കെ.അബ്രഹാം. സി പി എമ്മിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടിയാണ് ജോയിന്റ് രജിസ്ട്രാർ പ്രവർത്തിക്കുന്നത്. മുൻ ബാങ്ക് ഭരണസമിതികൾ നൽകിയ വായ്പകളിൻമേൽ ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും പേരിൽ സർച്ചാർജ് ചുമത്താനുള്ള നീക്കം അംഗീകരിക്കാനാവില്ല. ഭരണസമിതി പിരിച്ചുവിട്ടതിനെതിരെ സർക്കാറിൽ അപ്പീൽ നൽകിയിട്ടുണ്ട്. അപ്പീൽ പെന്റിങ്ങിൽ നിൽക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രീയ ലക്ഷ്യത്തോടെ സർച്ചാർജ് ചുമത്താൻ ശ്രമിക്കുന്നത്. നിയമ വിരുദ്ധമായി പ്രവർത്തിച്ച സഹകരണ വകുപ്പ് ജീവനക്കാർക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ നീക്കം സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കിൽ നിന്ന് നൽകിയിട്ടുള്ള വായ്പ തുക വായ്പ എടുത്തവരിൽ നിന്ന് ഈടാക്കാനുള്ള നടപടി സ്വീകരിക്കേണ്ടതിന് പകരം ഭരണസമിതിയിൽ നിന്നും ജീവനക്കാരിൽ നിന്നും ഈടാക്കുന്നത് കേട്ടുകേൾവി ഇല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.