കോഴിക്കോട്: പൗരത്വ നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് 12ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ഭരണഘടനാ സംരക്ഷണ മഹാറാലി മുഖ്യന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിവിധ സാമൂഹ്യസാംസ്‌കാരിക രാഷ്ട്രീയ സംഘടനാ നേതാക്കൾ പങ്കെടുക്കും.

സമസ്ത കേരള ജംയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ.ആലിക്കുട്ടി മുസല്യാർ , ഹജ്ജ് കമ്മറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുള്ളകോയ മദനി, കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.ഉമർ സുല്ലമി, എം.ഇ.എസ് പ്രസിഡന്റ് ഡോ.ഫസൽ ഗഫൂർ, എം.എസ്.എസ് പ്രസിഡന്റ് സി.പി.കുഞ്ഞുമുഹമ്മദ്, ടി.കെ.അഷറഫ് , കോഴിക്കോട് രൂപത ബിഷപ്പ് ഫാദർ ഡോ.വർഗീസ് ചക്കാലക്കൽ , മലബാർ ഡയസിസ് ബിഷപ്പ് ഫാദർ ഡോ.റോയ്‌സ് മനോ‌ജ് വിക്ടർ , സ്വാമി സന്ദീപാനന്ദഗിരി, എം.പി.വീരേന്ദ്രകുമാർ, എളമരംകരീം, പന്ന്യൻ രവീന്ദ്രൻ, പ്രൊഫ.അബ്ദുൾവഹാബ്, സി.കെ.നാണു, യു.എ.ഖാദർ, കെ.പി.രാമനുണ്ണി, ഖദീജാ മുംതാസ് തുടങ്ങി സാമൂഹ്യസാംസ്‌കാരിരംഗത്തെ പ്രമുഖർ റാലിയെ അഭിസംബോധന ചെയ്യും.
വിദ്യാർത്ഥികൾ, യുവജനങ്ങൾ, അദ്ധ്യാപകർ, അഭിഭാഷകർ, തൊഴിലാളികൾ, സ്ത്രീകൾ, എഴുത്തുകാർ, കലാകാരന്മാർ തുടങ്ങി സാമൂഹ്യജീവിതത്തിൻറെ വ്യത്യസ്ത മേഖലകളിലുള്ള ജനവിഭാഗങ്ങൾ റാലിയിൽ അണിചേരും.