കോഴിക്കോട്: പൗരത്വത്തിന്റെ അടിസ്ഥാനതത്വം മതവിശ്വാസമാണെന്ന് വരുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് എം.എൻ. കാരശ്ശേരി പറഞ്ഞു. ഇത് ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണ്. മുസ്ലിം അഭയാർത്ഥികൾ മുസ്ലിം രാജ്യങ്ങളിലേക്കും അഭയാർത്ഥിയായ ഹിന്ദു അവരുടെ രാഷ്ട്രമായ ഇന്ത്യയിലേക്കും പോവുകയാണെന്ന് വരുത്തി തീർക്കാനാണ് ബി.ജെ.പി ശ്രമം.
എന്നാൽ ഇന്ത്യ ഒരു മതരാഷ്ട്രമല്ലെന്നും മതമല്ല പൗരത്വത്തിന്റെ അടിസ്ഥാനമെന്നുമുള്ള യാഥാർത്ഥ്യം അവർ സൗകര്യപൂർവം മറച്ചുവെച്ചാണ് ഇതെല്ലാം ചെയ്യുന്നത്. പാകിസ്ഥാൻ ഉത്ഭവ ഘട്ടത്തിൽ ഒരു മതരാഷ്ട്രമായെന്നതാണ് ആ രാജ്യം തകരാനുള്ള പ്രധാന കാരണം, എന്നാൽ ഇന്ത്യയ്ക്ക് മതേതര കാഴ്ചപ്പാടുള്ള നേതൃത്വമുള്ളതിനാൽ ആ ദുരവസ്ഥ വന്നില്ല-കാരശ്ശേരി ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ എം. കെ. രാഘവൻ എം.പി നയിച്ച ദേശരക്ഷാ ലോംഗ് മാർച്ചിന്റെ രണ്ടാംദിന പര്യടനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അയോധ്യയിൽ പള്ളി പൊളിച്ചതിൽ ന്യായം കാണാത്ത സുപ്രീം കോടതി ആ സ്ഥലത്ത് ഹിന്ദുക്കൾക്ക് ക്ഷേത്രം പണിത് നൽകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. നീതിക്ക് എതിരായി സുപ്രീംകോടതി തന്നെ സംസാരിക്കുന്ന ദുരവസ്ഥ ഗാന്ധിയും നെഹ്റുവും പിറന്ന മണ്ണിലാണ് ഉള്ളത്. 19 ലക്ഷം അനധികൃത കുടിയേറ്റക്കാരെയാണ് ആസാമിൽ കണ്ടെത്തിയത്. എന്നാൽ അതിൽ 15 ലക്ഷം ഹിന്ദുക്കക്കളാണെന്ന് വ്യക്തമായതോടെയാണ് നയങ്ങൾ മാറ്റാൻ ബി ജെ പി നിർബന്ധിതരായത്. അവർക്ക് പൗരത്വം കൊടുക്കാൻ വേണ്ടിയാണ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമം വന്നത്. പൗരത്വം നൽകുന്നതിലെ മാനദണ്ഡം എന്താണെന്നാണ് പ്രശ്നം. മതപീഡനം അനുഭവിക്കുന്നവർക്കാണ് ബില്ലിന്റെ പരിരക്ഷയെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. എന്നാൽ എന്തു കൊണ്ടാണ് ഇതിൽ ശ്രീലങ്കയെന്ന അയൽ രാജ്യം വരാത്തതെന്ന ചോദ്യമാണ് ഉയരുന്നത്. അവിടെയുള്ള ഹിന്ദുക്കൾ മതപീഡനം അനുഭവിക്കുന്നവരാണ്.
ശ്രീലങ്കയിലെ അഭയാർത്ഥികളെ കണക്കിലെടുക്കാത്തതെന്തന്ന ചോദ്യത്തിന് അവർ മതപീഡനം അനുഭവിക്കുന്നില്ലെന്ന കള്ളമാണ് കേന്ദ്രം പറയുന്നത്.
സവർക്കറാണ് ഹിന്ദുന്ദ്വത്തിന്റെ നിർവചനം ഉണ്ടാക്കിയത്. സവർക്കർ ദൈവത്തിൽ വിശ്വസിച്ചിരുന്നില്ല, മറിച്ച് ഹിന്ദുവിന്റെ അധികാരത്തിൽ വിശ്വസിച്ചിരുന്നു. ലോകത്ത് എത് രാജ്യത്ത് ജീവിക്കുന്നവനും കുടിയേറാനും ഇന്ത്യയിൽ ജീവിക്കാനും അവകാശമുണ്ടെന്ന നെഹ്റുവിന്റെ കാഴ്ചപ്പാടാണ് ഇന്ത്യയുടെ വിശാലമായ ജനാധിപത്യ-ദേശീയ ബോധത്തെ വേറിട്ടുനിറുത്തുന്നതെന്ന് കാരശ്ശേരി കൂട്ടിച്ചേർത്തു.
ചരിത്രകാരൻ എം.ജി.എസ് നാരായണൻ ജാഥാ ക്യാപ്റ്റൻ എം.കെ. രാഘവന് പതാക കൈമാറി രണ്ടാംദിവസത്തെ മാർച്ച് ഉദ്ഘാടനം ചെയ്തു. കവി കല്പറ്റ നാരായണൻ അഭിവാദ്യ പ്രസംഗം നടത്തി. മരിച്ചതിനു ശേഷവും ഉറങ്ങാത്ത ഗാന്ധിയാണ് ഈ സമരം നയിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് അദ്ധ്യക്ഷനായിരുന്നു.മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, മുൻ എം.എൽ.എമാരായ വി.എം. ഉമ്മർ, യു.സി. രാമൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം സുരേഷ്ബാബു, അഡ്വ. പി.എം. നിയാസ്, എം.എ. റസാഖ്, കെ സി അബു, കെ.എസ്. യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്, ആഷിഖ് ചെലവൂർ തുടങ്ങിയവർ സംബന്ധിച്ചു.