കോഴിക്കോട്: ഹജ്ജ്, ഉംറ വിമാന ടിക്കറ്റുകളുടെ കാര്യത്തിൽ എയർ ലൈനുകളുടെ വിവേചനപരമായ സമീപനം ഖേദകരമാണെന്ന് ഹജ്ജ് ഉംറ സമ്മേളനം അഭിപ്രായപ്പെട്ടു.
ടിക്കറ്റുകളുടെ കാൻസലേഷൻ, റീഫണ്ട് തുടങ്ങിയ ആനുകൂല്യങ്ങൾ ഹജ്ജ്, ഉംറ ടിക്കറ്റുകൾക്കും നൽകണമെന്നും ടിക്കറ്റിന് മുഴുവൻ തുകയും വളരെ നേരത്തെ അടയ്ക്കണമെന്ന നയം പുനഃപരിശോധിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കേരളത്തിൽ ഉംറ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ഏക അസോസിയേഷനായ ഇന്ത്യൻ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷൻ സംഘടിപ്പിച്ച സമ്മേളനം കാലിക്കറ്റ് ടവറിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള കരിപ്പൂർ ഹജ്ജ് ഹൗസിൽ സ്വകാര്യ ഹജ്ജ്, ഉംറ സംഘങ്ങൾക്ക് ഇഹ്റാം ചെയ്യാനും അനുബന്ധ കാര്യങ്ങൾക്കും സൗജന്യമായി സൗകര്യമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് പി.കെ മുഹമ്മദ് കുട്ടി മുസ്ലിയാർ അധ്യക്ഷനായി. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. ഹജ്ജ്, ഉംറ സിയാറത്ത്, സമകാലിക സാഹചര്യം, മേഖലയിലെ പ്രതിസന്ധികളും പരിഹാരങ്ങളും എന്നീ വിഷയത്തിൽ നടന്ന സെമിനാറുകളിൽ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ ചെയർമാൻ പ്രൊഫ. എ.പി അബ്ദുൽവഹാബ്, വഖഫ് ബോർഡ് അംഗം എം.സി മായിൻഹാജി, എൻ അലി അബ്ദുല്ല, പ്രൊഫ. എ.കെ അബ്ദുൽഹമീദ് എന്നിവർ സംസാരിച്ചു.
സമാപന സമ്മേളനം ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. സി.പി കുഞ്ഞിമുഹമ്മദ്, ശിഹാബ് പൂക്കോട്ടൂർ, പി.കെ അബ്ദുൽലത്തീഫ്, ഇഖ്റാമുൽഹഖ്, അൻസാരി അഹമ്മദ്, കെ.പി സ്വാലിഹ്, ഹിദായത്ത് വണ്ടൂർ, കെ.വി നൗഷാദ്, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, സംസം ബഷീർ അലനെല്ലൂർ, പി.കെ.എം ഹുസൈൻ, അബ്ദുൽഅസീസ് വേങ്ങര, സി.കെ.കെ അബ്ദുല്ല എന്നിവർ സംസാരിച്ചു.