ബാലുശ്ശേരി: ചെങ്ങോട്ടുമലയിൽ കരിങ്കൽ ഖനനം നടത്തുന്നതിനു വേണ്ടി പാരിസ്ഥിതികാനുമതിയ്ക്കായി സ്വകാര്യ കമ്പനി വീണ്ടും നീക്കം നടത്തുന്നതായി ആരോപണമുന്നയിച്ച് കോട്ടൂർ പഞ്ചായത്ത് നാലാം വാർഡ് ഖനന വിരുദ്ധ ആക്ഷൻ കൗൺസിൽ ജനുവരി 11 ന് ചെങ്ങോട്ട് മലയ്ക്ക് ചുറ്റും പദയാത്ര നടത്തും.

രാവിലെ 11 മണിക്ക് കൂട്ടാലിടയിൽ നിന്നാരംഭിച്ച് നരയംകുളം, പുളിയോട് മുക്ക്, മൂലാട്, അവറാട്ട് മുക്ക് വഴി വൈകീട്ട് കൂട്ടാലിടയിൽ സമാപിക്കും.

നേരത്തെ നല്കിയ പാരിസ്ഥികാനുമതി കളക്ടർ റദ്ദാക്കിയിട്ടും കമ്പനിയുടെ പുതിയ അപേക്ഷ സ്വീകരിച്ച സർക്കാർ നിലപാട് വഞ്ചനാപരമാണെന്ന് ഭാരവാഹികൾ പറഞ്ഞു.

ക്വാറിക്ക് വീണ്ടും അനുമതി ലഭിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാറിനും കോട്ടൂർ ഗ്രാമപഞ്ചായത്തിനും ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിനുമായിരിക്കുമെന്ന് അവർ കുറ്റപ്പെടുത്തി. പ്രതിഷേധത്തിന് ഒപ്പം നിന്ന പലരും ഇന്ന് കമ്പനിയെ സഹായിക്കാൻ ശ്രമം നടത്തുന്നതായും ഇവർ പറയുന്നു.

ഇപ്പോൾ 12 ഏക്കറിൽ ഖനനം നടത്തുന്നതിനാണ് അപേക്ഷ നല്കിയിട്ടുള്ളതെങ്കിലും ക്രമേണ 85 ഏക്കറിലും ക്വാറി തുടങ്ങുമെന്നതിൽ ഒരു തർക്കവുമില്ലെന്ന് ആക്ഷൻ കമ്മിറ്റി നേതാക്കൾ പറഞ്ഞു.

85 ഓളം കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന കുടിവെള്ള ടാങ്ക് കമ്പനി തകർത്തിരുന്നു. ഈ ടാങ്ക് പുനർ നിർമ്മിക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവു പോലും നടപ്പാക്കിയില്ല. ഭരണപക്ഷത്തോടൊപ്പം പ്രതിപക്ഷ പാർട്ടികളും ക്വാറി മാഫിയയ്ക്കു വേണ്ടി പ്രവർത്തിക്കുകയാണെന്നും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ അനാസ്ഥയ്ക്കെതിരെ യു.ഡി.എഫും ബി.ജെ.പിയും പ്രതികരിക്കാത്തത് ഇതുകൊണ്ടാണെന്നും ഭാരവാഹികളായ പി.സി.സുരേഷ്, സി.രാജൻ, സി.ചെക്കിണി, പ്രമോദ്.പി.സി. എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.