deva
കേരള ബാങ്കിൽ ലയിച്ച കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിൽ നിന്നും 52 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച ആർ .ദേവയാനിക്ക് കെ.ഡി.സി.ബാങ്ക് മുൻ ജനറൽ മാനേജർ ബാങ്കിന്റെ ഉപഹാരം നൽകുന്നു. ജനറൽ മാനേജർ കെ.പി.അജയകുമാർ, ഡി.ജി.എം. കൃഷ്ണൻ.കെ., സീനിയർ മാനേജർ വി.പി.സതീഷ് എന്നിവർ സമീപം.

കോഴിക്കോട്: 52 വർഷം സർവീസിൽ തുടരുക എന്ന ചരിത്രനേട്ടവുമായി ദേവയാനി വിരമിച്ചു.കേരള ബാങ്കിൽ ലയിച്ച കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിൽ നിന്നാണ് 70 വയസ് പൂർത്തിയായതിനെതുടർന്ന് ദേവയാനി വിരമിച്ചത്. ബാങ്കിന്റെ 102വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരാൾ 52 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്നത്.

മദ്രാസ് വടപളനിയിൽ ജനിച്ചു വളർന്ന അവർ വിവാഹ ശേഷമാണ് കോഴിക്കോട് എത്തുന്നത്.
1967 ൽ 50 പൈസ ദിവസക്കൂലിക്കാണ് ബാങ്കിൽ സ്കാവഞ്ചർ ജോലിയിൽ പ്രവേശിച്ചത്. ബാത്ത്റൂം വൃത്തിയാക്കുന്നതിനോടൊപ്പം തൂപ്പുപണിയുമുണ്ടായിരുന്നു. കല്ലുത്താൻ കടവ് പുറമ്പോക്കിൽ കുടിൽ കെട്ടി താമസം തുടങ്ങിയത് ബാങ്കിൽ പണിക്കു കയറിയ അതേ വർഷം തന്നെയായിരുന്നു. ഭർത്താവിന്റെ പിതാവിന് കോർപ്പറേഷനിൽ തോട്ടി പണിയായിരുന്നു. ഭർത്താവിന് മുനിസിപ്പാലിറ്റിയിലും പഞ്ചായത്തുകളിലും നായ പിടിത്തവും. .

36 വർഷം ദിവസക്കൂലിക്ക് പണിയെടുത്ത ദേവയാനിയെ 2003 ൽ പാർട് ടൈം സ്വീപ്പറായി ബാങ്ക് സ്ഥിരപ്പെടുത്തി.16 വർഷത്തെ സ്ഥിരം സേവനത്തിന് ശേഷം, കേരള ബാങ്കിൽ നിന്നും ആദ്യമായി റിട്ടയറായ ദേവയാനിക്ക് പ്രൊവിഡന്റ് ഫണ്ടും ഗ്രാറ്റുവിറ്റിയും പെൻഷനും ലഭിക്കും.

52 വർഷം ജോലി ചെയ്തെങ്കിലും സ്വന്തമായി ഒരു വീട് ഉണ്ടാക്കാൻ പോലും സാധിച്ചിട്ടില്ല.ഗോവിന്ദപുരത്ത് മകളുടെ കൂടെയാണ് താമസം.

തമിഴ്നാട്ടിലേക്ക് തിരിച്ചു പോകുമോ എന്ന ചോദ്യത്തിന് 'ഇല്ല സാർ , കോഴിക്കോട് താൻ റൊമ്പ ഇഷ്‍ടം. ഈ മണ്ണിൽ തന്നെ പൊറുക്കണം' എന്നാണ് മറുപടി.

ജനറൽ മാനേജർ കെ.പി.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.ജി.എം .കെ കൃഷ്ണൻ, മൂസ പന്തീരാങ്കാവ്, കെ.കെ.ബാലൻ , കെ.ടി അനിൽകുമാർ , കെ.കെ സജിത്ത് കുമാർ , എം.പി ശോഭ , കെ ഷഗീല, വി.പി.സതീഷ് , സുനിൽ.കെ.ഫൈസൽ, ശിവദാസൻ എന്നിവർ സംസാരിച്ചു. വിനോദൻ ചെറിയേലത്ത് സ്വാഗതവും അഖിൽ.ടി.പി നന്ദിയും പറഞ്ഞു.